കൊളംബോ: ഭാരതത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ വെടിവയ്‌ക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ശ്രീലങ്കന്‍ നാവികസേന സമുദ്രാതിര്‍ത്തി വിഷയത്തില്‍ നിയമങ്ങളില്‍ ഊന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടി മനുഷ്യാവകാശ ലംഘനമല്ലെന്നും സിംഗെ വ്യക്തമാക്കി.
ഇന്ത്യയുടേയും ശ്രീലങ്കയുടേയും മത്സ്യത്തൊഴിലാളികളെ സം ബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കുന്നതിനിടെയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ പ്രകോപനപരമായ പരാമര്‍ശം. സമുദ്രാതിര്‍ത്തി ലംഘിയ്‌ക്കുന്ന മത്സ്യ തൊഴിലാളികളെ വെടിവയ്‌ക്കും. ഇത് ഒഴിവാക്കണമെങ്കില്‍ അതിര്‍ത്തി ലംഘിക്കാതിരിയ്‌ക്കുകയാണ് വേണ്ടത്. തന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കുന്നവരെ വെടിവയ്‌ക്കാന്‍ അവകാശമുണ്ട്. വെടിയേറ്റ് മരിച്ചാല്‍ നിയമ പരിരക്ഷയും തനിയ്‌ക്ക് ലഭിയ്‌ക്കും.
തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ ജാഫ്‌നയില്‍ നിന്നുള്ള തൊഴിലാളികളെ മാത്രമേ അനുവദിയ്‌ക്കൂ. ഭാരതത്തില്‍ നിന്നുള്ളവര്‍ അവരുടെ സമുദ്രാതിര്‍ത്തിയ്‌ക്കുള്ളില്‍ നില്‍ക്കണം. ഭാരതത്തോടും ചൈനയോടും വ്യത്യസ്ത തരത്തിലാണ് തങ്ങള്‍ ബന്ധം പുലര്‍ത്തുന്നതെന്നും ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്ക സന്ദര്‍ശിയ്‌ക്കാനിരിക്കെയാണ് ലങ്കന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന.
















