കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പഞ്ചായത്ത്, നഗരസഭ തലത്തില്‍ ഈ മാസം 10നകം രാഷ്ട്രീയകക്ഷികളുടെ യോഗം ചേരുമെന്ന് ജില്ലാ വരണാധികാരിയായി ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം അറിയിച്ചു. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ ഇന്നലെ ചേര്‍ന്ന ജില്ലാതല യോഗത്തിസാണ് ഈ തീരുമാനം.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കും. ഒരു കണ്ട്രോള് യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളുമടങ്ങിയതാണ് ഈ യന്ത്രം. അതേസമയം നഗരസഭകളിലെ തെരഞ്ഞെടുപ്പിന് നിലവിലുള്ള സിംഗിള്‍ പോസ്റ്റ് വോട്ടിംഗ് യന്ത്രം തന്നെയാണ് ഉപയോഗിക്കുക.
പഞ്ചായത്തുകളില്‍ ഒരു വാര്‍ഡിലെ 1100 വോട്ടര്‍മാര്‍ക്കും നഗരസഭകളില്‍ 1500 വോട്ടര്‍മാര്‍ക്കും ഒരു പോളിംഗ് സ്റ്റേഷന് വീതം സജ്ജീകരിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. നിലവില്‍ വാര്‍ഡിലെ 500 മീറ്റര്‍ ചുറ്റളവിലോ ഒരേ കെട്ടിടത്തിലെ ഒന്നിലധികം പോളിംഗ് സ്റ്റേഷനുകളിലോ വോട്ടര്‍മാരുടെ ആകെ എണ്ണം ആയിരത്തില്‍ താഴെയാണെങ്കില്‍ ഈ പോളിംഗ് സ്റ്റേഷനുകള്‍ സംയോജിപ്പിക്കും.
2014 നിയമസഭ വോട്ടര്‍ പട്ടികയിലെ വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിയാണ് 1100 വോട്ടര്‍മാര്‍ക്ക് ഒരു പോളിംഗ് സ്റ്റേഷന് എന്ന ക്രമത്തില്‍ പഞ്ചായത്തുകളില്‍ ബൂത്തുകള്‍ ക്രമീകരിക്കുന്നത്. 200 400 വോട്ടര്‍മാര്‍ക്കായി ഒരേ കെട്ടിടത്തിലോ 500 മീറ്റര്‍ ചുറ്റളവിലോ ഉണ്ടായിരുന്ന പോളിംഗ് സ്റ്റേഷനുകള്‍ സംയോജിപ്പിക്കും. എന്നാല്‍ ദ്വീപുകളിലും വോട്ടര്‍മാര്‍ 500 മീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കേണ്ടി വരുന്ന സ്ഥലങ്ങളിലും പോളിംഗ് സ്റ്റേഷനുകള്‍ നിലനിര്‍ത്തുമെന്ന് കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലെ 65 പഞ്ചായത്തുകളില്‍ ഇപ്രകാരം പോളിംഗ് സ്റ്റേഷനുകള്‍ സംയോജിപ്പിച്ചിട്ടുണ്ട്.
കൊച്ചി കോര്‍പ്പറേഷനില്‍ 42 പോളിംഗ് സ്റ്റേഷനുകളും മറ്റ് പോളിംഗ് സ്റ്റേഷനുകളുമായി ചേര്‍ത്തിട്ടുണ്ട്. കോര്‍പ്പറേഷനില്‍ നിലവില്‍ 307 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. അതേസമയം മുനിസിപ്പാലിറ്റികളില്‍ പോളിംഗ് സ്റ്റേഷനുകള്‍ സംയോജിപ്പിച്ചിട്ടില്ല. പുതിയ പോളിംഗ് സ്റ്റേഷന് കെട്ടിടങ്ങള്‍ക്ക് ആവശ്യമായ ശുപാര്‍ശയും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകള്‍ പരമാവധി അതത് വാര്‍ഡുകളില്‍ തന്നെയായിരിക്കും. വാര്‍ഡില്‍ കെട്ടിടം ലഭിക്കാത്ത പക്ഷം തൊട്ടടുത്ത വാര്‍ഡില്‍ ക്രമീകരിക്കും.
പഞ്ചായത്ത്, നഗരസഭ തലത്തില്‍ രാഷ്ട്രീകകക്ഷികളുടെ യോഗം മാര്‍ച്ച് പത്തിനകം ചേര്‍ന്ന് പോളിംഗ് സ്റ്റേഷനുകള്‍ സംബന്ധിച്ച് വിശദീകരിക്കും. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കക്ഷിപ്രതിനിധികള്ക്ക് പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ മുമ്പാകെ അവതരിപ്പിക്കാം. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം പരമാവധി കുറയ്ക്കുകയാണെങ്കില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ലഭ്യതയ്ക്കും തെരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രയോജനപ്പെടുമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ. എം. സലിം, എം. ആര്. അഭിലാഷ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), അഡ്വ എന്‍.സി. മോഹനന്, കെ. എന്‍. ഉണ്ണിക്കൃഷ്ണന് (സിപിഎം), എം. എന്‍. മധു, എന്‍. പി. ശങ്കരന്‍കുട്ടി (ബിജെപി), കെ. കെ. ജയപ്രകാശ് (എന്‍സിപി), കെ. എ. അബ്ദുള്‍സലാം (എസ്ഡിപിഐ), കുരുവിള മാത്യൂസ് (കേരള കോണ്‍ഗ്രസ് സെക്യുലര്‍), പി. എം. ഷിബു, എന്‍. ബാലകൃഷ്ണന് (ബിഎസ്പി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: