കോട്ടയം: എംജി സര്‍വ്വകലാശാല യുവജനോത്സവം തിരുനക്കര മൈതാനിയിലും, സിഎംഎസ്, ബിസിഎം, ബസേരിയസ് കോളേജുകളിലുമായി സജ്ജീകരിച്ചിട്ടുള്ള എട്ട് വേദികളില്‍ പുരോഗമിക്കുന്നു. സംഘാടനത്തിലെ പിഴവുമൂലം എല്ലാ മത്സരവേദികളിലും സമയക്രമങ്ങള്‍ താളം തെറ്റിയ അവസ്ഥയിലാണ്. പ്രധാന വേദിയായ തിരുനക്കരയില്‍ രാവിലെ 9ന് ആരംഭിക്കുമെന്നറിയിച്ചിരുന്ന മോണോ ആക്ട് മത്സരം ആരംഭിച്ചപ്പോള്‍ സമയം 11. സിഎംഎസ് കോളേജിലെ ഭരതനാട്യവേദിയിലും മത്സരം ആരംഭിച്ചപ്പോള്‍ 11.45 ആയി. ബസേലിയസ് കോളേജിലും ഇത് തന്നെ സ്ഥിതി. ഇത് മത്സരാര്‍ത്ഥികളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. സിഎംഎസ് കോളേജില്‍ വൈദ്യുതി തടസ്സം മൂലവും മത്സരം തടസ്സപ്പെട്ടു. ഭരതനാട്ട്യ മത്സരത്തില്‍ 40തില്‍ അധികം പേര് മാറ്റുരച്ചു. മത്സരാര്‍ത്ഥികളെല്ലാം ശരാശരി നിലവാരം പുലര്‍ത്തിയിരുന്നു എന്നാല്‍ മോണോ ആക്ട് മത്സരത്തില്‍ പങ്കെടുത്തവര്‍ ശുഷ്കമായിരുന്ന സദസ്സിനെ നിരാശപ്പെടുത്തി. ബസേലിയസ് കോളേജിലെ ഓട്ടന്തുള്ളല്, കഥകളി മത്സരങ്ങള്‍ക്ക് ആസ്വാദകര്‍ കുറവായിരുന്നു.
നഗരഹൃദയത്തില്‍ യുവതയുടെ ഈ ആഘോഷം നടക്കുമ്പോള്‍ പൊതുജനങ്ങള്‍ ഇതറിഞ്ഞതായ ലക്ഷണമുണ്ടായില്ല. തിരുനക്കരമൈതാനം അടക്കം മത്സരവേദികളില്‍ ആസ്വാദകനിരയില് വിദ്യാര്‍ത്ഥികളല്ലാതെ പൊതുജനങ്ങളുടെ സാന്നിദ്ധ്യം ദൃശ്യമായതെയില്ല. സംഘാടനത്തിലെ യൂണിവേഴ്സിറ്റി യൂണിയനും സ്വാഗതസംഘവും സമയക്കുറവാണ് സംഘാടനത്തിലെ താളപിഴക്ക് കാരണമെന്ന് വിശദീകരിക്കുന്നു. കഴിഞ്ഞ 20 ദിവസം മുമ്പ് മാത്രമാണ് യുവജനോത്സവം കോട്ടയത്ത് വെച്ച് നടത്തുവാന്‍ തീരുമാനമായത്. അതുകൊണ്ടുതന്നെ ആസൂത്രണത്തിന് ആവശ്യമായ സമയം ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: