ചിലതെല്ലാം നിങ്ങള്‍ ചെയ്യുന്നുവെന്നതോ ഒന്നുംതന്നെ നിങ്ങള്‍ ചെയ്യുന്നില്ല എന്നതോ, ചിലതെല്ലാം നിങ്ങള്‍ക്കു ലഭ്യമാവുന്നു എന്നതോ, ഒന്നുംതന്നെ നിങ്ങള്‍ക്ക് ലഭ്യമാവുന്നില്ല എന്നതോ, ഇപ്പോള്‍ നിങ്ങള്‍ക്കു പ്രശ്‌നമാവുന്നില്ല. എന്തായിരുന്നാലും നിങ്ങള്‍ ആനന്ദവാനായിരിക്കുന്നു. നിങ്ങള്‍ ഒരു സ്ഥാപിത താല്‍പര്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഇതിനു കാരണം.
ഇപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ മറ്റൊരു തലത്തിലേക്കെത്തുന്നു. നമ്മുടെ പ്രവൃത്തികളിലൂടെ സന്തോഷം കാംക്ഷിക്കുന്ന അവസ്ഥയില്‍ നമ്മള്‍ ബാഹ്യാവസ്ഥയുടെ അടിമകളായിത്തീരുന്നു.
ബാഹ്യാവസ്ഥയുടെ അടിമയായിരിക്കുമ്പോള്‍ എപ്പോഴും നിങ്ങള്‍ ഏതെങ്കിലുമൊരു തലത്തില്‍ ക്ലേശമനുഭവിച്ചുകൊണ്ടിരിക്കും. കാരണം, ബാഹ്യാവസ്ഥ ഒരിക്കലും പൂര്‍ണമായി നിങ്ങളുടെ നിയന്ത്രണത്തിലല്ല. അത് നിങ്ങളുടെ കുടുംബമാവട്ടെ, കുഞ്ഞുങ്ങളാകട്ടെ നിങ്ങളുടെ തന്നെ വ്യാപാരമാവട്ടെ, ഒന്നുംതന്നെ പൂര്‍ണമായും നിങ്ങളുടെ വരുതിയില്‍ അല്ല. ഒരു പരിധിവരെ മാത്രമേ അവ നിയന്ത്രണവിധേയമായി ഇരിക്കുന്നുള്ളൂ. ബാക്കിയുള്ളത് എപ്പോഴും നിശ്ചയമില്ലാതെ ഇരിക്കുന്നു. എന്തുവേണമെങ്കിലും സംഭവിക്കാം.
















