ആലപ്പുഴ: തുറവൂര്‍-പമ്പ പാതയിലെ മാക്കേക്കടവ്-നേരേകടവ് പാലവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിനുള്ള സര്‍വേ നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. പാലം, അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മ്മാണം സംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണിത്.
പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി കല്ലിടല്‍ ജോലികള്‍ അടുത്തദിവസം പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. സ്ഥലത്തെ വീടിന്റെയും വസ്തുവിന്റെയും വ്യാപാരസ്ഥാപനങ്ങളുടെയും കണക്കുകള്‍ പരിശോധിക്കും. പുനരധിവാസ പാക്കേജ് ഉള്‍പ്പെടെയുള്ളവ തീരുമാനിക്കാന്‍ സര്‍വേ പൂര്‍ത്തിയാക്കിയ ശേഷം യോഗം വിളിക്കും.
സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് പരമാവധി വില ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സാങ്കേതികത്വം പറഞ്ഞ് അധികൃതര്‍ അവരെ ബുദ്ധിമുട്ടിക്കരുതെന്നും യോഗത്തില്‍ പങ്കെടുത്ത എ.എം. ആരിഫ് എംഎല്‍എ പറഞ്ഞു. പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലത്ത് കല്ലിടാനും അളന്നു തിട്ടപ്പെടുത്താനും വേണ്ട തീരുമാനമെടുക്കാന്‍ യോഗത്തില്‍ പങ്കെടുത്ത സ്ഥലം ഉടമകള്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: