കൊച്ചി: നിയമസഭ മണ്ഡലങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം മുന്നില്‍ കണ്ട് എംഎല്‍എമാര്‍ക്ക് ആസ്തി വികസന ഫണ്ടായി യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപ നാടിന് മുതല്‍ക്കൂട്ടായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളുടെയും ആശുപത്രികളുടെയും പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിനാണ് ഈ തുക പ്രധാനമായും പ്രയോജനപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈബി ഈഡന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവിട്ട് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് വേണ്ടി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ നേരിട്ടാണ് ഫണ്ട് അനുവദിച്ചിരുന്നത്.
എന്നാല്‍ അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി സ്കൂളുകളുടെ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതോടെ ഇതില്‍ മാറ്റം വന്നു. സ്കൂളുകളുടെയും ആശുപത്രികളുടെയും പശ്ചാത്തല സൗകര്യ വികസനത്തിന് നല്കാന് തദ്ദേശസ്ഥാപനങ്ങളുടെ പക്കല്‍ പണം ആവശ്യത്തിനില്ല. എന്നാല്‍ എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതോടെ പല സ്ഥലങ്ങളിലും മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു മന്ത്രി ചൂണ്ടിക്കാട്ടി.
ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ത്യാഗരാജന്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പീറ്റര്‍.എം. ചെറിയാന്, സര്‍വശിക്ഷ അഭിയാന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, ഹയര്‍ സെക്കണ്ടറി മേഖല ഡപ്യൂട്ടി ഡയറക്ടര്‍ പി.എം. മായ, പി.ടി.എ പ്രസിഡന്റ് എ. അജിത് കുമാര്‍, പ്രിന്‍സിപ്പല്‍ ശിവരാമന്, ഹെഡ്മിസ്ട്രസ് സരസ്വതി, സ്കൂള്‍ പാര്‍ലമെന്റ് ചെയര്‍പഴ്സണ്‍ എ. ആതിര തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: