കോട്ടയം: ക്വട്ടേഷന്‍ സംഘാംഗമായ യുവാവിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കും വടിവാളും പിടിച്ചെടുത്തു. ഗാന്ധിനഗര്‍ അമ്മഞ്ചേരി ഒറ്റക്കപ്പലുമാക്കല് പാലമൂട്ടില്‍ നിജേഷ് സോമന്റെ (28) വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഒരു നാടന്‍ തോക്കും, രണ്ടു വടിവാളുകളുമാണ് പിടിച്ചെടുത്തത്. ക്വട്ടേഷന്‍ സംഘാംഗമായ നിജേഷിനെ പിടികൂടാന്‍ സാധിച്ചില്ല.
ആഭ്യന്തരമന്ത്രിയുടെ ഓപ്പറേഷന് സുരക്ഷ പദ്ധതിയുടെ ഭാഗായാണ് മുന്‍പ് ക്വട്ടേഷന്‍ – പിടിച്ചുപറിക്കേസുകളില്‍ പ്രതിയായ നിജേഷിന്റെ വീട്ടില്‍ ജില്ലാ പൊലീസ് മേധാവി എം.പി ദിനേശിന്റെ നിര്‍ദേശപ്രകാരം പൊലീസ് റെയ്ഡ് നടത്തിയത്. നാഗമ്പടം അണ്ണാന്‍കുന്ന് ചന്ദ്രതാര വീട്ടില്‍ അനോജിന്റെ വീട് ആക്രമിച്ചു ബൈക്ക് കവര്‍ച്ച ചെയ്ത കേസിലെ പ്രതിയാണ് നിജേഷെന്നു പൊലീസ് പറഞ്ഞു. ഡിസംബര്‍ പകുതിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബ്ലേഡ് പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അഞ്ചംഗ ക്വട്ടേഷന്‍ സംഘം അനോജിന്റെ വീട് ആക്രമിച്ചത്. സംഭവത്തില്‍ അനോജിനും, ഭാര്യയ്ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അനോജിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ ഡിവൈഎസ്പി വി.അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസിലെ മറ്റൊരു പ്രതിയായ സുട്ടുവിനെ അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയായ നിജേഷ് വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്നു വെസ്റ്റ് സിഐ സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ എസ്ഐ എം.ജെ അരുണ്‍, എഎസ്ഐ രവീന്ദ്രന്, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എഎസ്ഐ ഡി.സി വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.എന്‍ മനോജ് എന്നിവര്‍ ചേര്‍ന്നാണ് നിജേഷിന്റെ വീട് റെയ്ഡ് ചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ച ആയുധനങ്ങള്‍ പിടിച്ചെടുത്തത്. ആയുധ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: