സ്വന്തം ലേഖകന്‍
കോട്ടയം: കേരളത്തില്‍ ഭൂവിനിയോഗത്തിന് നിയമങ്ങള്‍ അവശ്യത്തിലേറെയുണ്ട്. എന്നാല്‍ അതൊന്നും ബാധകമല്ലാത്തവര്‍ ഏറെയുണ്ടിവിടെ. കുന്നിടിച്ച് മണ്ണെടുക്കുന്നതിന് സംസ്ഥാന തല വ്യവസ്ഥകള്‍ കൂടാതെ ജില്ലാ കളക്ടറുടെ ചുമതല വഹിച്ചിരുന്ന എഡിഎമ്മിന്റെ വക നിര്‍ദ്ദേശങ്ങളുമുണ്ട്. എന്നാല്‍ മാഫിയാ സംഘം അതിവേഗം ബഹുദൂരം മുന്നേറുകയാണ്. ജില്ലയിലെ ഓരോ ഉയര്‍ന്ന പ്രദേശങ്ങളും നിമിഷനേരങ്ങള്‍കൊണ്ട് അപ്രത്യക്ഷമാകുന്നു. ജെസിബിയും ടിപ്പര്‍ ലോറികളും തലങ്ങും വിലങ്ങും പായുകയാണ്. വൈക്കം താലൂക്കിലെ വെള്ളൂര്‍, തലയോലപ്പറമ്പ്, മാഞ്ഞൂര്‍, ഞീഴൂര്‍, മുളക്കുളം, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ ചെറുതും വലുതുമായ കുന്നുകള്‍ മണ്ണെടുത്ത് സമനിരപ്പായി മാറിയിട്ടുണ്ട്. ഇതര പ്രദേശങ്ങളിലും സമാനമായ അവസ്ഥതന്നെയാണുള്ളത്. കുന്ന് നിരത്തിയെടുക്കുന്ന മണ്ണ് ജില്ലയിലെ പാടശേഖരങ്ങള്‍ നികത്താന്‍ ഉപയോഗിക്കുന്നതു കൂടാതെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും കടത്തുന്നുണ്ട്.
മണ്ണ് നീക്കം ചെയ്യ്ത് ഭൂമി നിരപ്പാക്കുന്നതിന് ജിയോളജി വകുപ്പിന്റെ സമ്മതപത്രം ആവശ്യമാണ്. വീടു നിര്‍മ്മിക്കുന്നതിന് പരമാവധി പത്തുസെന്റ് സ്ഥലം നികത്തുന്നതിനാണ് നിരവധി വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പെര്‍മിറ്റ് നല്‍കുന്നത്. ഈ പെര്‍മിറ്റ് ഉപയോഗിച്ചാണ് വ്യാപകമായി കുന്നു നിരത്തില്‍ നടക്കുന്നത്.
അനധികൃതമായെടുക്കുന്ന മണ്ണുമായി ടോറസ് പോലുള്ള ടിപ്പുറുകളും സാധാരണ ടിപ്പറുകളും നിരത്തുകള്‍ കീഴടക്കിയിരിക്കുന്നു. വാഹന ഗതാഗത നിയമങ്ങളൊന്നും മണ്ണുമായി പായുന്ന ടിപ്പറുകള്‍ക്ക് ബാധകമല്ല. ഭൂരിപക്ഷം ടിപ്പറുകളും സ്പീഡ് ഗവര്‍ണര്‍ ഇല്ലാതയോ, പ്രവര്‍ത്തനരഹിതമാക്കിയോ ആണ് റോഡിലൂടെ പായുന്നത്. മോട്ടോര്‍വാഹന വകുപ്പിന്റെയും പോലീസിന്റെയും പരിശോധന പലപ്പോഴും പ്രഹസനമാകുന്നു. പരിശോധനയ്ക്കായി അധികൃതര്‍ എത്തുന്ന സ്ഥലവും സമയവും മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിക്കും. ഈ അറിവ് ടിപ്പര്‍ ഡ്രൈവര്‍ മാര്‍ക്ക് ലഭിക്കുന്നതോടെ വാഹനം റോഡുവക്കില്‍ നിറുത്തി ഡ്രൈവര്‍മാര്‍ മാറിനില്‍ക്കും. നേരത്തെ നിശ്ചയിച്ച പ്രകാരം ഏതെങ്കിലും ഒന്നോ രണ്ടോ ടിപ്പുറുകള് മാത്രം പരിശോധനയ്ക്ക് വിധേയമാക്കും. അതിന് നാമമാത്രമായ പിഴയും ചുമത്തിവിടും. ഇതാണ് സ്ഥിരം രീതി.
കല്ലറ- വെച്ചൂര്‍ റോഡിലും, തണ്ണീര്‍മുക്കം ബണ്ട് റോഡിലുമാണ് ഏറെ ഭീതി ജനിപ്പിച്ചുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍. അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങള്‍ അതിവേഗം അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിസ്ഥിതിയുടെ സംതുലനാവസ്ഥയെതന്നെ ഗുരുതരമായി ബാധിക്കുന്ന ഈ മണ്ണെടുപ്പും പാടംനികത്തലും തടയാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ഗുരുതരമായ പ്രകൃതി ദുരന്തങ്ങള്‍ നേരിടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: