ന്യൂദല്‍ഹി: ആം ആദ്മിയില്‍ ഭിന്നത രൂക്ഷമാകുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും രാഷ്‌ട്രീയകാര്യ സമിതി അംഗം പ്രശാന്ത് ഭൂഷണുമായുള്ള തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ പാര്‍ട്ടിയില്‍ അസ്വാരസ്യത ഉടലെടുക്കുകയാണ്.
നിലവില്‍ പാര്‍ട്ടിയിലുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ വേദനാജനകമാണെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ തര്‍ക്കങ്ങളില്‍ കക്ഷിചേരാനില്ലെന്ന് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഇപ്പോള്‍ ഭരണത്തിലാണ് താന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങള്‍ ദല്‍ഹി ജനതയോടുകാട്ടുന്ന വിശ്വാസ വഞ്ചനയാണെന്നും കേജരിവാള്‍ പറഞ്ഞു.
അതേസമയം എല്ലാ പാര്‍ട്ടികളേയും പോലെ ആം ആദ്മിയിലും ഹൈക്കമാന്‍ഡ് സംസ്‌കാരം വളരാന്‍ അനുവദിക്കുന്നത് നല്ലതല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ തുറന്നടിച്ചു. ഇത് പാര്‍ട്ടിയെ നശിപ്പിക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ.
അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ ഉണ്ടായതിനു ശേഷം ഇതുവരെ കേജ്‌രിവാളുമായി ഞാന്‍ സംസാരിച്ചിട്ടില്ല. അദ്ദേഹത്തോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് ഭൂഷണ്‍ പറഞ്ഞു.
കേജ്‌രിവാളുമായി ഭിന്നത ഉണ്ടായപ്പോഴെല്ലാം അതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് താനോ യോഗേന്ദ്ര യാദവോ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ഭൂഷണ്‍ പറഞ്ഞു.
തീരുമാനങ്ങള്‍ കൂട്ടായി എടുക്കണമെന്ന് കേജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. കേജ്‌രിവാളിന്റെ രാഷ്‌ട്രീയ നിലപാടുകളെ താന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് തെറ്റുകള്‍ പറ്റുന്നുണ്ട്. പാര്‍ട്ടിയുടെ നയങ്ങളിലും മൂല്യങ്ങളിലും ഉറച്ച് നില്‍ക്കണമെന്നാണ് തന്റെ നിലപാട്. എന്നാല്‍ രാഷ്‌ട്രീയത്തില്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടി വരുമെന്നാണ് കേജ്‌രിവാള്‍ പറയുന്നതെന്നും ഭൂഷണ്‍ വ്യക്തമാക്കി.
എഎപിയില്‍ അധികാരത്തര്‍ക്കം ഉണ്ടായതിനു ശേഷം ഇതാദ്യമായാണ് ഭൂഷണ്‍ പ്രതികരിക്കുന്നത്.
















