ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും മതേതരവാദിയുമായിരുന്ന അവിജിത് റോയിയെ ഇസ്ലാമിക തീവ്രവാദികള്‍ വധിച്ചു. ധാക്ക നഗരത്തില്‍വെച്ച് അക്രമികള്‍ പട്ടാപ്പകല്‍ അവിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യയും ബ്ലോഗെഴുത്തുകാരിയുയമായ റാഫിദ അഹമ്മദ് ബോന്നക്കും ആക്രമണത്തില്‍ പരിക്കേറ്റു. റാഫിദയുടെ ഇടതുകയ്യിലെ വിരലുകള്‍ അറ്റുപോയി. ആക്രമണത്തിനിരയായ ഇരുവരെയും ധാക്ക മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച രാവിലെ 10.30 ന് റോയ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സ്വതന്ത്രമനസ്സ് എന്നര്‍ത്ഥം വരുന്ന ‘മുക്‌തോ-മോനോ’ എന്ന ബ്ലോഗ് നടത്തുകയായിരുന്നു അവിജിത് റോയി. ഇതിലൂടെ പ്രചരിപ്പിച്ചിരുന്ന മതേതര ആശയങ്ങള്‍ മതമൗലികവാദികളെ പ്രകോപിപ്പിച്ചിരുന്നു. ഇവരില്‍ ചിലരാണ് റോയിയെ വധിച്ചതെന്ന് കരുതപ്പെടുന്നു. റോയിയുടെ വധത്തിന് പിന്നില്‍ മതതീവ്രവാദികളായ ജമാ അത്തെ ഇസ്ലാമിയാണെന്ന് പറയപ്പെടുന്നു.
ഒരു പുസ്തകമേളയില്‍ പങ്കെടുത്ത് മടങ്ങിവരികയായിരുന്ന അവിജിത്തിനെയും ഭാര്യയെയും മതതീവ്രവാദികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
റോഡിന്റെ ഒരുവശത്തേക്ക് വലിച്ചുകൊണ്ടുപോയശേഷം മൂര്‍ച്ചയേറിയ ആയുധംകൊണ്ട് റോയിയുടെ തലയ്‌ക്ക് വെട്ടുകയായിരുന്നു. റോയി പ്രചരിപ്പിച്ചിരുന്ന ആശയങ്ങളുടെ പേരില്‍ അദ്ദേഹത്തിന് ആക്രമണഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
















