മക്കാവു: ചൈനയിലെ മക്കാവുവില്‍ ബോട്ട് മറിഞ്ഞ് 15 പേരെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മക്കാവുവിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് സംശയിക്കുന്നതായും ഗവണ്‍മെന്റ് അറിയിച്ചു.
കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. എന്നാല്‍ വെള്ളത്തിന്റെ ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
അതേസമയം ബോട്ടില്‍ കാപ്റ്റനും രണ്ട് ജീവനക്കാരും പതിനാറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് പുരുഷന്മാരും രണ്ടും സ്ത്രീകളും ഉള്‍പ്പടെ നാല് പേര്‍ സുരക്ഷിതരായി നീന്തി കരയിലെത്തിയിട്ടുണ്ട്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് അധികൃതര്‍ ബോട്ട് ഹാര്‍ബറിലെത്തിച്ചു.
















