എടത്വ: അപ്പര്‍കുട്ടനാട്ടില്‍ മുറവിളിയ്ക്ക് വിരാമമിട്ടു അഗ്നിശമനസേന യൂണിറ്റു രൂപീകരിക്കുന്നതിനു നടപടിയായി. ഇതിന്റെ ഭാഗമായി തകഴി പാലത്തിനു പടിഞ്ഞാറേ കരയില്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയില്‍ ഫയര്‍ സ്റ്റേഷന് നിര്‍മ്മിക്കുന്നതിനു പ്രാഥമിക നടപടികള്‍ ആരംഭിച്ചു. 41 സെന്റു സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്.
പ്രാഥമിക നടപടിയെന്നോണം ജില്ലാ ഫയര്‍ ഓഫീസര്‍ എ.ആര്. സുനില്‍കുമാര്‍, ഹരിപ്പാട് ഫയര്‍ അസിസ്റ്റന്റ് ഓഫീസര്‍ പി.കെ. ലാലു, ചമ്പക്കുളം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി സോണി, തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്. രാധാകൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം പരമേശ്വരന് കാടാത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി. നിര്‍ദ്ദിഷ്ട സ്ഥലത്തിന് അംഗീകാരം ലഭിച്ചാല്‍ കെട്ടിടം നിര്‍മിക്കുന്നതിനു മുമ്പായി ഫയര്‍ സ്റ്റേഷന് ആരംഭിക്കുന്നതിനും തീരുമാനമായി.
ഇതിന്റെ അടിസ്ഥാനത്തില്‍ തകഴി പാലത്തിനു താഴെയായി ഫയര്‍ എന്‍ജിനും വാഹനങ്ങളും ഇടുന്നതിനായി ഇരുവശങ്ങളും തകര ഷീറ്റുപയോഗിച്ചു മറച്ചു കൊടുക്കണമെന്നും ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി താത്കാലിക ഷെഡ് നിര്‍മ്മിച്ചു കൊടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. രണ്ടാവശ്യങ്ങളും തകഴി ഗ്രാമ പഞ്ചായത്ത് ചെയ്തു കൊടുക്കാമെന്ന് പ്രസിഡന്റ് ഇ.ആര് രാധാകൃഷ്ണപിള്ള സമ്മതിച്ചു.
ചമ്പക്കുളം വള്ളംകളി, നീരേറ്റുപുറം ജലോത്സവം, ചക്കുളത്തുകാവു പൊങ്കാല, എടത്വ പള്ളി തിരുനാള്‍ ഉള്‍പ്പടെയുള്ള ആഘോഷങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പതിറ്റാണ്ടുകളായി ഫയര്‍ സ്റ്റേഷനു വേണ്ടി മുറവിളി ഉയരുകയായിരുന്നു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കുട്ടനാട്-അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: