കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഉണ്ടായ ഹിമപാതത്തില്‍ മരണം 200 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമാണ് ഹിമപാതം ഉണ്ടായത്. നിരവധി പേരെ കാണാതായിട്ടുണ്ട്.
പഞ്ചശീര്‍ പ്രവിശ്യയിലാണ് ശീതക്കാറ്റും ഹിമപാതവും ഏറെ നാശം വിതച്ചത്. മഞ്ഞു വീഴ്ചയും കാറ്റും ശക്തമായതിനാല്‍ നൂറോളം വീടുകള്‍ തകര്‍ന്നു. ഗതാഗതം താറുമാറായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പല ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്താന്‍ കഴിയാത്തത് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.
വടക്ക്-കിഴക്കന്‍ അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും മഞ്ഞിടനിയിലായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മഞ്ഞ് കോരിമാറ്റുന്നതിനുള്ള യന്ത്രങ്ങള്‍ എത്തിച്ചേരാത്തതുമൂലമാണ് രക്ഷാപ്രവര്‍ത്തനം വൈകുന്നത്.
















