കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ എട്ടാം ഉത്സവദിനമായ ഇന്ന് പുലര്‍ച്ചെ 12ന് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിയ്ക്കയും നടക്കും. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ക്കു മാത്രം പുറത്തെടുക്കുന്ന ഏഴരപ്പൊന്നാനകളെ കാണുവാനായും കാണിക്ക അര്‍പ്പിക്കുവാനുമായി പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്. ഏഴരപ്പൊന്നാനകളുടെ ഐതീഹ്യം ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് യുദ്ധം നടന്നപ്പോള്‍ തിരുവിതാംകൂര്‍മഹാരാജാവ് ഏറ്റുമാനൂരപ്പന്റെ പക്കല്‍ അഭയം പ്രാപിക്കുകയും യുദ്ധം കഴിഞ്ഞപ്പോള്‍ തന്റെ ജീവന് രക്ഷിച്ചതിന്റെ നന്ദി സൂചകമായി ഏറ്റുമാനൂരപ്പന് 7143 കഴഞ്ച് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഏഴര ആനകളെ കാണിക്കയായി സമര്‍പ്പിച്ചുവെന്നാണ് ഐതീഹ്യം. രാത്രി 11.30ന് ശ്രീകോവിലില്‍ നിന്ന് മഹാദേവനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുന്നതോടുകൂടി ഏഴരപ്പൊന്നാന ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മഹാദേവന്റെ തിടമ്പിന് ഇരുവശങ്ങളിലുമായി പൊന്നാനകളെ അണിനിരത്തും. 12ന് നിലവിളക്കുകള്‍ തെളിച്ച് ഏഴരപ്പൊന്നാന ദര്‍ശനത്തിനായി ആസ്ഥാന മണ്ഡപം തുറക്കും. നട തുറക്കുന്നതോടെ മണ്ഡപത്തിന് മുമ്പില്‍ സ്ഥാപിച്ച ചെമ്പില്‍ കഴകക്കാര്‍ പൊന്നിന്‍കുട വയ്ക്കും. തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊന്നുരുട്ടി മഠത്തിലെ പണ്ടാരത്തിന്റെ പ്രതിനിധി ആദ്യ കാണിക്ക അര്‍പ്പിക്കും. അതിന് ശേഷം ഭക്തര്‍ക്ക് ഭഗവാനെ തൊഴാനുള്ള അവസരം നല്‍കും. പുലര്‍ച്ചെ 2ന് എഴുന്നള്ളത്ത് അവസാനിക്കും. ഏഴരപ്പൊന്നാനകളെ കൊടിമരച്ചുവട്ടില്‍ ഇറക്കി എഴുന്നള്ളിച്ചതിന് ശേഷം വലിയ വിളക്ക് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: