കടനാട്: മാനത്തൂര്‍ ഭാഗത്ത് സിപിഎം നേതൃത്വത്തില്‍ അക്രമിസംഘം അഴിഞ്ഞാടുന്നു. നിരവധി പരാതികള്‍ ലഭിച്ചിട്ടും പോലീസ് നിഷ്ക്രിയം. പൊതുജനം ഭീതിയുടെ നിഴലില്‍. ഏതാനും ദിവസം മുമ്പ് മാനത്തൂര്‍ കവലയില്‍ സിപിഎംകാര്‍ നാട്ടിയിരുന്ന കൊടിമരം സാമൂഹ്യവിരുദ്ധര്‍ നിശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിക്കുന്നത്.
കൊടിമരം നശിപ്പിക്കപ്പെട്ട ഉടന്‍തന്നെ സിപിഎം നേതാക്കള്‍ സ്ഥലത്തെത്തി പോലീസില്‍ വിവരം അറിയിച്ചു. നിതീഷ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കൊടിമരം നശിപ്പിച്ചതെന്ന് പറഞ്ഞ് പോലീസുമായി സിപിഎം സംഘം നിതീഷിന്റെ വീട്ടിലെത്തി. നിതീഷ് വീട്ടിലുണ്ടായിരുന്നില്ല. മടങ്ങിപ്പോയ സിപിഎം അക്രമിസംഘം പോലീസ് സാന്നിധ്യത്തില്‍തന്നെ മാനത്തൂരിലുണ്ടായിരുന്ന ബിജെപിയുടെ കൊടിമരവും അംഗത്വപ്രചരണവുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും തകര്‍ത്തു. ഇതിനെ തുടര്‍ന്ന് ബിജെപിയുടെ പഞ്ചായത്തുകമ്മറ്റി പോലീസില്‍ പരാതിപ്പെടുകയും ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ സിപിഎം പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ട് പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ ശ്രമിച്ചെങ്കിലും സിപിഎം നേതൃത്വം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.
സിഐറ്റിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ കെ.എം. സന്തോഷ്കുമാറിന്റെ ജീവനെടുക്കുമെന്ന് ഭീഷണി മുഴക്കുകയും പ്രശ്നം കൂടുതല്‍ സംഘര്ഷാത്മകമാക്കുവാനുമാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. കഞ്ചാവിനും മറ്റും അടിമപ്പെട്ട സിപിഎം അക്രമിസംഘം രാത്രികാലങ്ങളില്‍ പോര്‍വിളികളുമായി വിലസുകയാണ്. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന കച്ചവടസ്ഥാപനങ്ങള്‍ വൈകുന്നേരം ആറുമണിക്കുശേഷം തുറക്കെരുതെന്നാണ് അക്രമിസംഘത്തിന്റെ ഭീഷണി. പ്രശ്നം ഇത്രയും വഷളായിട്ടും പോലീസ് നിഷ്ക്രിയമാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: