ആലപ്പുഴ: അപൂര്‍വ്വരോഗം ബാധിച്ച രണ്ടു കുട്ടികളുടെ തുടര്‍ചികിത്സയ്ക്കു മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടി കൈത്താങ്ങാകുന്നു. ആര്യാട് തെക്ക് വില്ലേജിലെ ശെല്‍വത്തിന്റെ മക്കളായ മൈഥിലി (12)ക്കും മധുമിത (10)യ്ക്കും ആണ് സര്‍ക്കാരിന്റ സഹായം ഒരിക്കല്‍ക്കൂടി ലഭ്യമാകുന്നത്. മെറ്റാക്രൊമാറ്റിക് ലൂക്കോഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് പരസഹായം കൂടാതെ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇവര്‍ക്ക്. വാടകവീട്ടിലാണു താമസം. കുട്ടികളുടെ ദയനീയസ്ഥിതിയെ കുറിച്ചുള്ള പത്രവാര്‍ത്തയെ തുടര്‍ന്ന് സൗജന്യചികിത്സയ്ക്കായി സുതാര്യകേരളം വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇവരുടെ തുടര്‍ചികിത്സയ്ക്കു സുമനസുകളില്‍ നിന്നുള്ള ധനസമാഹരണത്തിനായി ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചതായി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. അമ്പലപ്പുഴ തഹസില്‍ദാരുടെയും ആലപ്പുഴയിലെ സര്‍ക്കാര്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയിലെ ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ടാണു തുറന്നിട്ടുള്ളത്. അക്കൗണ്ട് നമ്പര്‍ 854010110005069. ബാങ്കിന്റെ ഐഎഫ്എസ്സി കോഡ് ബികെഐഡി 0008540.
പഞ്ചകര്‍മ്മ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിഷ്ണു നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് വീട്ടിലെത്തി ചികിത്സ നല്‍കുന്നുണ്ട്. ഫിസിയോ തെറാപ്പി ചെയ്യുന്നതിനും പരിചരിക്കുന്നതിനുമായി ഒരു ഫിസിയോതെറാപ്പിസ്റ്റിനെയും സഹായിയെയും ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിച്ച് ചികിത്സ തുടരുകയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മരുന്നുകള്‍ ലഭ്യമാക്കുന്നുമുണ്ട്. പുറമെനിന്നുള്ള മരുന്നുകള്‍ക്കും ചികിത്സയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും കൂടുതല്‍ പണം ആവശ്യമായ സാഹചര്യത്തിലാണ് കുട്ടികള്‍ക്കായി ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ട് വഴി ധനസഹായം നല്കാന് ഒട്ടേറെപ്പേര്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ധനസഹായം നല്കാന് കഴിയുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ അക്കൗണ്ടില്‍ തുക നിക്ഷേപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: