മുഹമ്മ: വൈകല്യം കാവ്യയുടെ കലാസപര്യയ്ക്ക് തടസമായില്ല. ഊമയും ബധിരയുമായ പതിനാലു വയസുകാരി കാവ്യ എസ്.നാഥ് ചിത്ര കലയിലും പെയിന്റിങ്ങിലും മികവുകാട്ടി മുന്നേറ്റം തുടരുന്നത് ദേവ സ്പന്ദനത്തിന്റെ കരുണാര്‍ദ്രമായ കരങ്ങള്‍ കെണ്ടാണ്. അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ് ഈ കൊച്ചു മിടുക്കിക്ക് കലയുടെ ദേവ സ്പര്‍ശം പകര്‍ന്നു കിട്ടിയത്. ഇതിനകം നൂറോളം മത്സരങ്ങളില്‍ പങ്കെടുത്തു. അതില്‍ 80 സര്‍ട്ടിഫിക്കേറ്റുകള്‍ കരസ്ഥമാക്കി. കേന്ദ്ര ടൂറിസം വകുപ്പ് സംഘടിപ്പിച്ച ക്ലിന്റ് മെമ്മോറിയല്‍ ഫെസ്റ്റിവലില്‍ അഞ്ച് പടങ്ങളാണ് കാവ്യ വരച്ചത്. അഞ്ച് പടങ്ങളും മല്‍സരത്തില്‍ തെരഞ്ഞെടുത്തു.
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ചിത്ര രചനാ മത്സരത്തില്‍ കാവ്യ രണ്ടാം സ്ഥാനക്കാരിയായി. രണ്ടായിരത്തി പതിനാല് ഡിസംബര്‍ ഒന്നിനായിരുന്നു അത്. അതേവര്‍ഷം ഡിസംബറില്‍ ഐഎസ്ആര്‍ഒ സംഘടിപ്പിച്ച സ്പെയ്സ് വീക്ക് അവാര്‍ഡിലും കാവ്യയ്ക്കായിരുന്നു രണ്ടാം സമ്മാനം. ഐഎസ്ആര്‍ഒയിലെ മത്സര ശേഷം പിഎസ്എല്‍വിയുടെ മാതൃക നിര്‍മ്മിച്ചും കാവ്യ ശ്രദ്ധ പിടിച്ചുപറ്റി. മഹാരാഷ്ട്ര സ്റ്റുഡന്റ്സ് വികസന സൊസൈറ്റിയുടെ കലാ ഗരുഡ അവാര്‍ഡിനും ഈ പതിനാലുകാരി അര്‍ഹയായി.
ആലപ്പുഴ എസ്ഡിവി ഗേള്‍സ് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാവ്യ ആര്യാട് പന്ത്രണ്ടാം വാര്‍ഡ് കലാഭവനില്‍ കെ.ആര് രഘുനാഥിന്റെയും ശ്രീകലയുടെയും മകളാണ്. അമ്മ ശ്രീകല ആര്യാട് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററാണ്. മത്സരങ്ങളില്‍ കാവ്യയ്ക്ക് കൂട്ട് അമ്മ ശ്രീകലയാണ്. ബധിരയും ഊമയുമായതിനാല് അര മണിക്കൂര്‍ മുന്‍പ് മാത്രം കിട്ടുന്ന മത്സര വിഷയങ്ങള്‍ കുട്ടിയെ പറഞ്ഞു മനസിലാക്കാന്‍ ഈ അമ്മ വിഷമിക്കാറുണ്ട്. ഇതേ കാരണത്താല്‍ പല മത്സരങ്ങളില്‍ നിന്നും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. കുറച്ചുകൂടി നേരത്തെ വിഷയം കിട്ടിയാല്‍ കുട്ടിക്ക് നന്നായി പെര്‍ഫോമന്‍സ് ചെയ്യാന്‍ കഴിയും. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് ആര്.നാഥാണ് കാവ്യയുടെ സഹോദരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: