മാവേലിക്കര: ദൃശ്യ ശ്രവണ സുന്ദരമായ ഓണാട്ടുകരക്കാരുടെ ദേശീയോത്സവം ദര്‍ശിക്കുന്നതിനായി ഭക്തസഹസ്രങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രം ജനസാഗരമായി. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വിദൂരദേശങ്ങളില്‍ നിന്നും പോലും ചെട്ടികുളങ്ങരയിലെത്തിയ ഭക്തര്‍ ബുധനാഴ്ച പുലര്‍ച്ചെ അമ്മയുടെ എഴുന്നള്ളത്ത് കണ്ട അനുഗ്രഹപുണ്യവുമായാണ് മടങ്ങിയത്.
ചൊവ്വാഴ്ച രാവിലെ ഒന്നിനു പിന്നാലെ ഒന്നായി കുത്തിയോട്ടങ്ങള്‍ ക്ഷേത്രത്തിലേക്കെത്തിയപ്പോള്‍ കുത്തിയോട്ടപ്പാട്ടിന്റെ ഈരടിയില്‍ മതിമറന്നു നിന്ന ഭക്തര്‍ ഉച്ചയ്ക്ക് കൊഞ്ചും മാങ്ങയും കൂട്ടിയുള്ള ഊണ് കഴിച്ച ആലസ്യത്തില്‍ വിശ്രമിക്കാന്‍ സമയം കിട്ടും മുന്‍പെ 13 കരകളില്‍ നിന്നുള്ള ആരവങ്ങളില്‍ ലയിക്കുകയായി.
വയലുകളും വീഥികളും താണ്ടി അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്കെത്തിയതോടെ ക്ഷേത്രതിരുമുറ്റവും കാഴ്ചകണ്ടവും വീഥികളുമെല്ലാം നിറഞ്ഞിരുന്ന ഭക്തസഹസ്രങ്ങളുടെ ചുണ്ടുകളില്‍ ദേവീമന്ത്രങ്ങള്‍ മാത്രം. കരക്കൂട്ടായ്മയുടെ പ്രതീകമായി ക്ഷേത്രത്തിലേക്കെത്തിയ ഓരോ കെട്ടുകാഴ്ചയും ഓണാട്ടുകരയുടെ ഐക്യത്തിന്റെ പ്രതീകമായിരുന്നു.
ഈരേഴതെക്ക്, ഈരേഴവടക്ക്, കൈത തെക്ക്, കൈത വടക്ക്, പേള, നടയ്കാവ്, എന്നീകരക്കാര് കുതിരകളെയും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍ ആഞ്ഞിലിപ്ര, മേനാമ്പള്ളി കരക്കാര് തേരും, മറ്റം വടക്ക് ഭീമനെയും മറ്റം തെക്ക് ഹനുമാന്, പാഞ്ചാലിയുമാണ് കെട്ടുകാഴ്ചകള്‍. കരകളുടെ ക്രമമനുസരിച്ചാണ് കെട്ടുകാഴ്ചകള്‍ കാഴ്ചകണ്ടത്തില്‍ ഇറങ്ങിയത്. പുലര്‍ച്ചെ ദേവി കെട്ടുകാഴ്ചകള്‍ക്ക് സമീപമെത്തി അനുഗ്രഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: