മാവേലിക്കര: ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ഓണാട്ടുകരയിലെ വീഥികളില്‍ ഒഴുകിയത് കുത്തിയോട്ടത്തിന്റെ വായ്ത്താരികള്‍. ഇത് ഏറ്റുപാടി ഭക്തസഹസ്രങ്ങളാണ് ഇന്നലെ ചെട്ടികുളങ്ങരയമ്മയുടെ തിരുമുന്പിലെത്തി തൊഴുത് മടങ്ങിയത്. എട്ട് ദിവസങ്ങളായി കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ അനുഷ്ഠാനപൂര്‍വം നടത്തിവന്ന കുത്തിയോട്ടങ്ങള്‍ ദേവിയുടെ തിരുമുന്പില് സമര്‍പ്പിച്ചു. ഇക്കുറി പത്ത് കുത്തിയോട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഭക്ത്യാദരപൂര്‍വമാണ് കുത്തിയോട്ട ഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. അമ്മയ്ക്കു മുന്പില് സമര്‍പ്പിക്കുന്ന കുത്തിയോട്ട വഴിപാടുകുട്ടികളെ താലപ്പൊലിയായി സ്വീകരിക്കുന്നത് ഐശ്വര്യപ്രദമായതിനാല് ഓരോ കുത്തിയോട്ട ഘോഷയാത്രയിലും നൂറുകണക്കിന് അമ്മമാരും കുട്ടികളുമായിരുന്നു താലപ്പൊലിയേന്തിയത്.
മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍, വേലകളി, കാവടി, പൂരാണവേഷവിധാനങ്ങള്‍, കരകം, ഗജവീരന്മാര് തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകി. ഇതിനു പിന്നിലായി വഴിപാടുകാരന്റെ ആശ്രിതന് നെട്ടൂര്‍പെട്ടി തലയിലേന്തി കുത്തിയോട്ട പാട്ടിന്റെ അകമ്പടിയില്‍ വഴുപാടു കുട്ടികളെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
കുട്ടികളെ പുലര്‍ച്ചെ കുളിപ്പിച്ചൊരുക്കി ഗുരുനാഥന്മാര്ക്കും ബന്ധുജനങ്ങള്‍ക്കും ദക്ഷിണ നല്കി കിന്നരി തലപ്പാവ് ചൂടിച്ച് മുഖത്ത് ചുട്ടി കുത്തി കൈയില്‍ കാപ്പും കഴുത്തില്‍ മണിമാലകളും അണിയിച്ച് വാഴയില വാട്ടിയുടുപ്പിച്ച് കൈകള്‍ മുകളിലേക്കുയര്‍ത്തി അടയ്ക്ക കുത്തിയ കത്തിയും പിടിപ്പിച്ചാണ് അമ്മക്കു തിരുമുന്പിലേക്കെത്തിയത്. കെട്ടുകാഴ്ചകളുടെ മുന്നിലെത്തി കുട്ടികളുടെ ഇടുപ്പില്‍ ചൂരല്‍ കുത്തി ചുവടുവയ്പ്പിച്ച് ദേവിയുടെ തിരുമാന്പിലെത്തി ചൂരല്‍ മുറിയല്‍ ചടങ്ങ് നടത്തി.
തുടര്‍ന്ന് നെട്ടൂര്‍പെട്ടി തുറന്ന് അതിനുള്ളില്‍ നിന്ന് വെറ്റിലയും കച്ചയുമെടുത്ത് കുട്ടികളുടെ ഇടുപ്പില്‍ കെട്ടി ക്ഷേത്രകുളത്തില്‍ എത്തിച്ച് സ്നാനം ചെയ്യിച്ച് കുട്ടികളെ രക്ഷിതാക്കള്‍ക്ക് കൈമാറിയതോടെ എട്ട് ദിവസമായി അനുഷ്ഠിച്ച കുത്തിയോട്ട വഴുപാടുകളുടെ സമര്‍പ്പണം പൂര്‍ത്തിയായി. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കുത്തിയോട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: