തുള്ളല്‍കലയുടെ പ്രതാപം അതിന്റെ പ്രൗഢപാരമ്പര്യത്തോടെ വേദികളില്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജീവിതം സമര്‍പ്പിച്ച കലാ ഉപാസകയാണ് വടമണ്‍ ദേവകിയമ്മ.
ദേവകിയമ്മയ്ക്ക് ഇന്ന് പ്രായം 72. ഉത്സവവേദികളില്‍ നിറഞ്ഞാടിയിരുന്ന ദേവകിയമ്മയ്ക്ക് ഇന്ന് രണ്ടുമണിക്കൂര്‍ നീളുന്ന കഥകള്‍ രംഗത്ത് അവതരിപ്പിക്കാന്‍ പ്രയാസം. എന്നാല്‍ വേദിക്ക് പിന്നില്‍ പിന്നണിപാടുവാനും കുട്ടികളെ പഠിപ്പിക്കാനും യുവജനോത്സവ വേദികളില്‍ ജഡ്ജായുമൊക്കെ ദേവകിയമ്മ സദാ കര്‍മ്മനിരതയാണ്.
തന്റെ ഏഴാമത്തെ വയസ്സുമുതല്‍ ആഭംഭിച്ചതാണ് തുള്ളല്‍കല. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ദേവകിയമ്മ നിറഞ്ഞാടി. കുഴിമതിക്കാട് ഗോപാലപിള്ളയാശാന്റെയും ജാനകിയമ്മയുടെയും മകളാണ്.
കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ഇവര്‍ കുട്ടിക്കാലംമുതല്‍ നൃത്തരൂപങ്ങള്‍, തിരുവാതിര എന്നിവയില്‍ പ്രാവീണ്യംനേടിയിരുന്നു. ഓട്ടന്തുള്ളല്, പറയന്‍തുള്ളല്‍ ശീതങ്കന്‍തുള്ളല്‍ എന്നിവ രംഗത്ത് അവതരിപ്പിക്കുകയും ചെയ്തുവന്നിരുന്നു. ഇന്നും കലാമണ്ഡലത്തിലും മറ്റും അരമണിക്കൂര്‍ നീളുന്ന കഥകള്‍ രംഗത്ത് അവതരിപ്പിക്കുന്നുണ്ട്. പാട്ടും തുള്ളലും ഒരേസമയം നടത്തേണ്ടുന്ന കലാരൂപമാണ് തുള്ളല്‍.
ശ്വാസതടസ്സമുള്‍പ്പെടെയുള്ള ശാരീരിക അവശതകള്മൂലമാണ് ഇന്ന് ഉത്സവവേദികളിലും മറ്റും പ്രത്യക്ഷപ്പെടാന്‍ തയ്യാറാകാത്തതെന്നും ഇവര്‍ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസകാലത്തുതന്നെ വിവിധ വേഷങ്ങള്‍ക്കായി ചമയമിട്ടിട്ടുള്ള ദേവകിയമ്മ മൂന്നരവയസ്സുള്ളപ്പോള്‍ ഉറിയില്‍ തൂങ്ങിയ ഉണ്ണികൃഷ്ണനായിട്ടാണ് അഭിനയരംഗത്ത് കടന്നുവന്നത്.
എട്ടുവയസ്സുമാത്രം പ്രായമുള്ളപ്പോള്‍ ഇന്ദിരാഗാന്ധി, പി.എസ്. റാവു തുടങ്ങിയ ദേശീയനേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍വച്ച് ലഭിച്ച ഉപഹാരം ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായും പ്രചോദനമായും ഇവര്‍ കാണുന്നു. ഒപ്പം അയ്യപ്പസേവാസംഘം, കാന്‍ഫെഡ്, നെഹ്റു യുവകേന്ദ്ര എന്നിവയുമായി ചേര്‍ന്നും പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഓട്ടന്‍തുള്ളലിനൊപ്പം ചെങ്ങന്നൂര്‍ രാമന്‍പിള്ള ആശാന്റെ കീഴില്‍ കഥകളിയും പഠിച്ചു.
പഠനകാലത്ത് പൊതുജനങ്ങളില്‍നിന്നും ബന്ധുക്കളില്‍നിന്നും വളരെയധികം അവഗണനയും നിന്ദയും സഹിക്കേണ്ടിവന്ന ദേവകിയമ്മ പിന്നീട് കേരളമറിയപ്പെടുന്ന തുള്ളല്കലാകാരിയായി മാറുകയായിരുന്നു. 1984ല്‍ ‘കലാലയ കലാകേന്ദ്രം’ എന്ന കലാസംഘടനയ്ക്ക് രൂപംനല്കി.
സംഗീതനാടക അക്കാദമി, കേന്ദ്ര പരിസ്ഥിതിവകുപ്പ് എന്നിവയുടെ ഗ്രാന്റ് ലഭിച്ചിട്ടുള്ള ദേവകിയമ്മ സംസ്ഥാന സ്കൂള്‍ യുവജനോത്സവ വേദികളില്‍ സ്ഥിരം വിധികര്‍ത്താവുമാണ്. എന്നാല്‍ മത്സരരംഗത്ത് ഏറെയും തന്റെ ശിഷ്യര്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ വിധികര്‍ത്താവ് സ്ഥാനത്തുനിന്നും സ്വയം ഒഴിഞ്ഞുനില്ക്കാറുള്ളതായും ഇവര്‍ പറയുന്നു.
താന്‍ തുള്ളല്തൃയങ്ങള് രംഗത്ത് അവതരിപ്പിച്ചിരുന്നു എങ്കിലും ശീതങ്കന്‍ തുള്ളലിലും പറയന് തുള്ളലിലും സ്ത്രീകള്‍ താരതമ്യേന കുറവാണെന്നും ഇവര്‍ പറയുന്നു. ദൂരദര്‍ശനിലും റേഡിയോ പരിപാടികളിലും സ്ഥിരമെത്താറുള്ള ദേവകിയമ്മ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന ഓണാഘോഷപരിപാടികളില്‍ നാടന്‍ കലാരൂപങ്ങളും ഓണക്കളികളായ തിരുവാതിര, തുമ്പിതുള്ളല്‍, കുടമൂത്ത്, കോലടി എന്നിവയും നടത്തിവരുന്നു.
കൃഷ്ണന്‍നായര്‍ സംവിധാനംചെയ്ത ‘സത്യം’ എന്ന സിനിമയില്‍ ഓട്ടന്തുള്ളല് വേഷത്തില്‍ അഭിനയിക്കാനും കഴിഞ്ഞു. കുറച്ചുനാള്‍ വടമണ്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ കലാഅദ്ധ്യാപികയായി സര്‍ക്കാര്‍ നിയമിച്ചു. ഈ കാലയളവില്‍ തന്റെ കലാപ്രവര്‍ത്തനത്തെ പുച്ഛിച്ചിരുന്നവര്‍ അഭിനന്ദിച്ചതായും ഇവര്‍ ഓര്‍ക്കുന്നു.
1993ലെ കുഞ്ചന്നമ്പ്യാര് അവാര്‍ഡ്, നാട്ടരങ്ങ് അവാര്‍ഡ്, ഫോക്ലോര് അവാര്‍ഡ്, സോംഗ് ആന്റ് ഡ്രാമ അവാര്‍ഡ് ഇങ്ങനെ നീളുന്നു ഇവര്‍ക്ക് കിട്ടിയ അംഗീകാരങ്ങള്‍. 1997ല്‍ കേരള ഗവര്‍ണറില്‍നിന്നും കലാരംഗത്തെ മികവിന് പ്രത്യേക അവാര്‍ഡും ലഭിച്ചു. ആയിരക്കണക്കിന് ശിഷ്യസമ്പത്തുള്ള ദേവകിയമ്മയ്ക്ക് ഈ കലാരൂപം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും അഭ്യസിക്കാന്‍ അവസരമുണ്ടാക്കണമെന്നും കലാപഠനം യുവജനോത്സവവേദികളില്‍ അവതരിപ്പിക്കാന്‍ വേണ്ടി മാത്രമാകരുത് എന്നുമാണ് ആഗ്രഹം.
കല്യാണസൗഗന്ധികത്തിലെ ഭീമനും ഹനുമാനും തമ്മിലുള്ള സംവാദമാണ് ഏറെ കാണികള്‍ക്ക് ഇഷ്ടമെന്നതിനാല്‍ ഏറ്റവും കൂടുതല്‍ രംഗത്ത് അവതരിപ്പിച്ചിട്ടുള്ളത് കല്യാണസൗഗന്ധികമാണെന്നും ഇവര്‍ ഓര്‍ക്കുന്നു. സുന്ദരീസ്വയംവരം, സന്താനഗോപാലം, ബാണയുദ്ധം, അയ്യപ്പചരിതം, ഘോഷയാത്ര, ഐരാവതപൂജ, സുഭദ്രാഹരണം എന്നിവയും ഇഷ്ടകഥകളാണ്.
പഴയശൈലിയും മുദ്രയും നവരസങ്ങളും ഉപേക്ഷിച്ച് മത്സരത്തിനുവേണ്ടി തട്ടിക്കൂട്ടുന്ന പ്രവണതയാണ് ഈ രംഗത്ത് ഇന്ന് നിലനില്‍ക്കുന്നതെന്നും ഈ കലാകാരി പറയുന്നു. കലാലയം വാസുദേവന്‍ പിള്ളയാണ് ഭര്‍ത്താവ്. കൂടാതെ തന്റെ അഞ്ചുമക്കളും കലാരംഗത്ത് മാറ്റ് തെളിയിച്ചിട്ടുണ്ട്.
കൊച്ചുമകനായ മനുകൃഷ്ണന് സംസ്ഥാനതലത്തില്‍ ഓട്ടന്തുള്ളല് ജേതാവാണ്. പ്രായാധിക്യത്തിലും കലാരംഗത്ത് തുടരുന്ന ദേവകിയമ്മ നെല്‍കൃഷിയിലും പശുവളര്‍ത്തലിലും ആനന്ദം കണ്ടെത്തുന്നുമുണ്ട്. വീട്ടുമുറ്റത്തെ കൊച്ചുകൃഷിത്തോട്ടം നട്ടുനനയ്ക്കുവാനും സമയംകണ്ടെത്തുന്ന ദേവകിയമ്മയ്ക്കുശേഷം ഓട്ടന്‍തുള്ളലിന്റെ പഴയശൈലി തുടരുന്ന എത്ര കലാകാരന്മാര് രംഗത്ത് ഉണ്ടാകുമെന്ന് കണ്ടുതന്നെ അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: