കാക്കനാട്: ജില്ലയില്‍ വൈദ്യുതി ബോര്‍ഡിന്റെ 40 സെക്ഷനുകളില്‍ ഒരുമ നെറ്റ് സംവിധാനം യാഥാര്‍ത്ഥ്യമായി. എറണാകുളം, പെരുമ്പാവൂര്‍ സര്‍ക്കിളിന്റെ കീഴിലുള്ള 40 വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലാണ് ഒരുമ നെറ്റ് സംവിധാനം ആദ്യഘട്ടത്തില്‍ നിലവില്‍ വന്നത്. ബാക്കിവരുന്ന എല്ലാ സെക്ഷന്‍ ഓഫീസുകളിലും വളരെപെട്ടെന്ന് ഈ സംവിധാനം നിലവില്‍ വരും.
വൈദ്യുതി ബില്‍ ഏത് ഓഫീസിലുമടയ്ക്കാനും വിവരങ്ങള്‍ വിരല്‍ത്തുമ്പിലെത്താനുമുള്ള സംവിധാനങ്ങളുമായിട്ടാണു വൈദ്യുതി ഓഫീസുകള്‍ ഒരുമ നെറ്റ് സംവിധാനത്തിലേക്ക് മാറിയിരിക്കുന്നത്. സംവിധാനം നിലവില്‍ വന്ന 40 സെക്ഷന്‍ ഓഫീസുകളിലെ ഓരോ ഉപഭോക്താവിനും കണ്‍സ്യൂമര്‍ നമ്പര്‍ കൂടാതെ 13 അക്ക കസ്റ്റമര്‍ നമ്പര്‍ കൂടി നല്‍കും.
ഈ നമ്പര്‍ ഉപയോഗിച്ച് ഒരുമ നെറ്റ് സംവിധാനമുള്ള സംസ്ഥാനത്തെവിടെയും വൈദ്യുതി സേവനങ്ങള്‍ ലഭ്യമാകും. കേന്ദ്രസര്‍ക്കാരിന്റെ റീ സ്ട്രക്ചേഡ് ആക്സലറേറ്റഡ് പവര്‍ ഡെവലപ്മെന്റ് ആന്‍ഡ് റിസോഴ്സ് പ്രോഗ്രാമിന്റെ (ആര്‍എപിഡിആര്‍പി) ഭാഗമായാണ് കെഎസ്ഇബിയില്‍ ആധുനിക നെറ്റ് വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരുമ നെറ്റ് സംവിധാനത്തിലാകുന്ന എറണാകുളം സര്‍ക്കിളില്‍ മട്ടാഞ്ചേരിക്ക് കീഴില്‍ വരുന്ന എട്ട് സെക്ഷന്‍ ഓഫീസ്, എറണാകുളം പത്ത്, തൃപ്പൂണിത്തുറ എട്ടും പെരുമ്പാവൂര്‍ സര്‍ക്കിളില്‍ ആലുവയുടെ കീഴില്‍ വരുന്ന ഒമ്പത് സെക്ഷന്‍ ഓഫീസും മൂവാറ്റുപുഴ രണ്ട്, പെരുമ്പാവൂര്‍ മൂന്ന് ഓഫീസുകളിലുമാണ് സംവിധാനം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ബില്ലടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെങ്കിലും അതടച്ച് സെക്ഷന്‍ ഓഫീസിലേക്ക് അറിയിപ്പുവന്ന് ഏറെ താമസത്തിനുശേഷം മാത്രമേ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ വരികയുള്ളൂ.
പുതിയ സംവിധാനം എത്തിയതോടെ ബില്ലടയ്ക്കുന്ന നിമിഷംതന്നെ അത് ഉപഭോക്താവിന്റെ അക്കൗണ്ടിലെത്തും. ഇപ്പോഴത്തെ സെക്ഷന്‍ സെര്‍വറിന് പകരം സെന്‍ട്രലൈസ്ഡ് സെര്‍വര്‍ ആണ് നിലവില്‍ വന്നിരിക്കുന്നത്. ഒരുമയ്ക്കു കീഴിലുള്ള ഓഫീസിലെ വിവരങ്ങള്‍ തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാം. മാത്രമല്ല ഭാവിയില്‍ വൈദ്യുതി ഓഫീസുകളുമായി നടത്തുന്ന എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ ഉപഭോക്താവിന് മൊബൈല്‍ ഫോണില്‍ സന്ദേശമായി എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: