മട്ടാഞ്ചേരി: പൈതൃതകേന്ദ്രമായ ഫോര്‍ട്ടുകൊച്ചിയില്‍ ടൈല്‍സ് പാതയൊരുക്കാനും മൈതാന നവീകരണത്തിനും പാര്‍ക്ക് മോടികൂട്ടാനും കോടികള്‍ ചെലവഴിക്കുമ്പോള്‍ ഫോര്‍ട്ട്കൊച്ചി കടപ്പുറം മാലിന്യകൂമ്പാരത്താല്‍ ശ്വാസംമുട്ടുന്നു. കടപ്പുറത്തെ മാലിന്യം കണ്ടില്ലെന്നും നടിക്കുന്ന ഭരണകേന്ദ്രങ്ങളും ടൂറിസം അധികൃതരും കോടികള്‍ ചെലവഴിച്ചുള്ള പദ്ധതികള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ്.
അഴിമുഖത്ത് അടിഞ്ഞുകൂടുന്ന കായല്മാലിന്യങ്ങള് തീരത്തെ കടപ്പുറത്ത് ഒഴുകിയെത്തുന്നു. ഇതുമൂലം ഫോര്‍ട്ട്കൊച്ചി തീരത്തെത്തുന്നവര്‍ തീരത്ത് ഇറങ്ങാനും മടിക്കുന്നു. ഒഴിഞ്ഞ മദ്യകുപ്പികളും മരുന്നുകുപ്പികളും മാലിന്യം നിറഞ്ഞ പ്ലാസ്റ്റിക് കിറ്റുകളും സിറിഞ്ചുകളും തടികഷണങ്ങളുമെല്ലാം കടപ്പുറത്ത് അടിഞ്ഞുകൂടുന്നത്.
അഞ്ചുകോടിയിലേറെ രൂപ ചെലവഴിച്ചുള്ള പൈതൃകനഗരി ടൂറിസം വികസനപദ്ധതിയില്‍ ചരിത്രപാരമ്പര്യമുള്ള ഫോര്‍ട്ട്കൊച്ചി കടപ്പുറം ശുചീകരണത്തിനോ നവീകരണത്തിനോ സൗന്ദര്യവല്‍ക്കരണത്തിനോ തുക വകയിരുത്താത്തത് ഏറെ ജനകീയ പ്രതിഷേധത്തിനിടയായിട്ടുണ്ട്.
കടപ്പുറത്തെ വലിയ കുഴിയും അതിലെ ജലവും ചെളിക്കുഴികളായി മാറുകയും ദുര്‍ഗന്ധത്തിനിടയാക്കുകയും ചെയ്യുന്നത് ഒട്ടേറെത്തവണഅധികൃതശ്രദ്ധയില്പ്പെടുത്തിയതാണെന്ന് തീരത്തെ ചെറുകിട വ്യാപാരികള്‍ പറഞ്ഞു. നിരന്തര അപകടങ്ങളും അവഗണനയും കൊച്ചി തീരത്തെ ജനമനസ്സുകളില്‍നിന്ന് അകറ്റുമ്പോള്‍ മാലിന്യകുമ്പാരങ്ങളും ദുര്‍ഗന്ധവും കടപ്പുറത്തെത്തുന്ന സഞ്ചാരികളെയും നാട്ടുകാരെയും പിന്തിരിപ്പിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: