കൊച്ചി: ഗോശ്രീ-മാമംഗലം റോഡിന്റെ നിര്‍മ്മാണത്തിന്റെ സാധ്യതകള്‍ ആരായുന്നതിനായി ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് വാച്ച് സംഘടിപ്പിച്ച ജനസഭ കോണ്‍ഗ്രസ് ഗുണ്ടകള്‍ അലങ്കോലമാക്കി. വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട ജനസഭയില്‍ റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തണമെന്ന് നിര്‍ബന്ധമുള്ള ചിലരുടെ ഗുണ്ടകളാണ് അതിരുവിട്ട് അഴിഞ്ഞാടിയത്. പച്ചാളം ജനകീയസമിതി കണ്‍വീനര്‍ ജോസി മാത്യുവിനെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണത്തില്‍ പലര്‍ക്കും പരിക്കേറ്റു.
യോഗം നടന്ന വലിയപറമ്പില്‍ ബെര്‍ളി ജോണിന്റെ വീട് അക്രമികള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിനെ വിലക്കിയ അയല്‍വാസി ജാബിറിനെയും അക്രമികള്‍ ആക്രമിച്ചു.
തികച്ചും സമാധാനപരമായി നടന്ന ജനസഭയില്‍ എംഎല്‍എയെ കുറ്റപ്പെടുത്താനായി വിളിച്ചുകൂട്ടിയ യോഗം നടത്താനനുവദിക്കില്ലായെന്ന് ഗുണ്ടാസംഘാംഗങ്ങള്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു.
നിരവധി സ്ത്രീകള്‍ പങ്കെടുത്ത യോഗത്തില്‍ നടത്തിയ അക്രമം ഭീകരാവസ്ഥ സൃഷ്ടിച്ചു. സ്ത്രീകള്‍ ഭയപ്പെട്ട് നാലുപാടും ചിതറിയോടി.കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കണ്ടാല്‍ തിരിച്ചറിയാവുന്ന 8 പേര്‍ക്കെതിരെ ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് വാച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികളുടെ ഫോട്ടോകള്‍ പോലീസിനെ ഏല്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
റോഡ് വികസനം ആവശ്യപ്പെട്ട് ജിസിഡിഡബ്ല്യു നടത്തിയ രണ്ടാം ജനസഭ ആര്‍ക്കിടെക്ട് ബി. ആര്. അജിത് ഉദ്ഘാടനം ചെയ്തു. ഫെലിക്സ് ജെ.പുല്ലൂടന്‍ ചര്‍ച്ചകളില്‍ മോഡറേറ്ററായിരുന്നു. ജോര്‍ജ്ജ് കാട്ടുനിലത്ത്, പ്രൊഫ.എ. ജെ. പോളികാര്‍പ്പ്, ജോസഫ് വെളിവില്‍, ജി.ഓമനക്കുട്ടന്, ജോസി മാത്യു, കെ. വി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അക്രമം നടത്തി സമരവും ജനവികാരവും തളര്‍ത്താമെന്ന വ്യാമോഹം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ഗ്രേറ്റര്‍ കൊച്ചിന് ഡെവല്പമെന്റ് വാച്ച് പിന്നീട് ചേര്‍ന്ന കേന്ദ്രസമിതി യോഗം അഭിപ്രായപ്പെട്ടു. ജനാഭിപ്രായത്തെ ഗുണ്ടകളെ ഇറക്കി ഒതുക്കാനായി ശ്രമിച്ചാല്‍ ശക്തമായ സമരവുമായി ജിസിഡിഡബ്ല്യു മുന്നോട്ട് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: