പത്തിരിപ്പാല: കുടിലശക്തികളുടെ ഇടപെടല്‍മൂലം സൗഹാര്‍ദാന്തരീക്ഷം നഷ്ടപ്പെട്ട അകലൂരില്‍ ക്ഷേത്രത്തിന്റെ പ്രവേശനകവാടം പുനഃസ്ഥാപിക്കാന്‍ ഹിന്ദു-മുസ്‌ലിം ഭേദം മറന്ന് നടത്തിയ ശ്രമം മതമൈത്രിയുടെ ഉത്തമ ഉദാഹരണമായി. ഏതാനും ആഴ്ച മുമ്പ് ഇരുട്ടിന്റെ സന്തതികള്‍ തീവച്ചു നശിപ്പിച്ച അകലൂര്‍ ലക്ഷ്മിനരസിംഹക്ഷേത്രത്തിലെ പ്രവേശനകവാടം കഴിഞ്ഞദിവസം ക്ഷേത്രക്കമ്മിറ്റിയുടെയും മഹല്ല്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനഃസ്ഥാപിക്കുകയായിരുന്നു.
പഴയലക്കിടി രണ്ടാം വില്ലേജിനു സമീപമുള്ള പ്രവേശനകവാടത്തിനു നേരെ നടന്ന സാമൂഹികവിരുദ്ധരുടെ ആക്രമണം പ്രദേശത്ത് മതസൗഹാര്‍ദ്ദം നഷ്ടപ്പെടുത്തുമെന്ന അവസ്ഥയെ തുടര്‍ന്നാണ് ജുമാ മസ്ജിദ് കമ്മിറ്റിയുടെയും ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങളുടെ ഭാഗമായി പുതിയ പ്രവേശനകവാടം സ്ഥാപിച്ചത്.
ക്ഷേത്ര ഉത്സവസമയത്താണ് ബോര്‍ഡിനും താല്‍കാലിക കവാടത്തിനും നേരെ രാത്രി ആക്രമണം നടന്നത്. പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നു ആര്‍ഡിഒയുടെ നേതൃത്വത്തില്‍ വിവിധകക്ഷികളുടെ യോഗം ചേരുകയും സമാധാനശ്രമം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് സ്ഥിരം കവാടം സ്ഥാപിക്കുന്നതിനായി മഹല്ല് കമ്മിറ്റി സഹകരണം വാഗ്ദാനം ചെയ്തു.
ആഘോഷക്കമ്മിറ്റിയാണ് പുതിയ പ്രവേശനകവാടം നിര്‍മിച്ചത്. പ്രവേശന കവാടം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഹിന്ദു-മുസ്‌ലിം സംഘടനാ പ്രതിനിധികളും സഹായം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷൗക്കത്തലി, പഞ്ചായത്തംഗം ബി.കെ.ശ്രീലത, എസ്‌ഐ കെ. കൃഷ്ണന്‍, രാഗരത്‌നം മണ്ണൂര്‍ രാജകുമാരനുണ്ണി, വി.എം.അനസ്അലി, സി.എം. കുഞ്ഞിമൊയ്തീന്‍, ഇന്‍സാഫ്അലി, വി.എച്ച്.ഖാലിദ്, വി.മുഹമ്മദ്, കെ.സുലൈമാന്‍, പി. സുലൈമാന്‍, കെ.കുഞ്ചുണ്ണിനായര്‍, യു.ശങ്കരനാരായണന്‍ നായര്‍, വി.മുരളി, വി.ഉണ്ണിക്കൃഷ്ണന്‍, എന്‍.തിലകന്‍, ശിവലിംഗം, പി. ഹരിദാസ്, കെ. രമേശ്ബാബു, എന്‍.കെ.മണികണ്ഠന്‍, മോഹനന്‍, രാംകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: