പാലാ: ളാലം തോടിന്റെ തീരമിടിഞ്ഞ് അപകട ഭീഷണിയിലായ വീടുകളുടെ ഭാഗം മൈനര്‍ ഇറിഗേഷന്‍ വിഭാഗം സംരക്ഷണഭിത്തി നിര്‍മ്മിച്ചു നല്‍കും. നിര്‍മ്മാണത്തിനുള്ള അനുമതിയും കരാറും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. പാറമട സമരം നടക്കുന്നതിനാല്‍ അസംസ്കൃത സാധനങ്ങളുടെ ലഭ്യതക്കുറവാണ് നിര്‍മ്മാണം ആരംഭിക്കാന്‍ തടസ്സമെന്നും സമരം തീര്ന്നാല്ഒരു മാസത്തിനകം നിര്‍മ്മാണം ആരംഭിക്കുമെന്നും അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷേര്‍ളി സെബാസ്റ്റ്യന്‍ അറിയിച്ചു. 25 ലക്ഷം രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. 25 മീറ്റര്‍ നീളത്തിലും 165 മീറ്റര്‍ ഉയരത്തിലുമാണ് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നത്.
ളാലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കല്ലില്‍ പൊന്നമ്മ ചന്ദ്രന്, കിഴക്കേതില്‍ പങ്കജാക്ഷിയമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ് അപകടഭീഷണിയിലായിരുന്നത്. 2010 ജൂണില്‍ സംരക്ഷണഭിത്തി തകര്‍ന്ന് ഇവിടുത്തെ വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. വീടുകളും പുരയിടങ്ങളും ഏതുനിമിഷവും തോട്ടിലേക്ക് നിലം പൊത്തുന്ന അപകടാവസ്ഥയിലാണ്. പാലാ ബൈപ്പാസിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ പാലം മുതല്‍ താഴേക്കുള്ള പ്രദേശത്തെ ജനവാസമേഖലയിലാണ് നിരന്തരം തീരമിടിയുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴും തീരമിടിയുന്നത്. തോട്ടില്‍ വെള്ളമുയര്‍ന്നാല്‍ തീരമിടിഞ്ഞ് വീടുകള്‍ തോട്ടില്‍ പതിക്കുന്ന നിലയിലാണ്.
മുന്‍പ് ളാലം ക്ഷേത്രത്തിന്റെ 5 സെന്റിലേറെ സ്ഥലം തീരമടിഞ്ഞ് ഇല്ലാതായിരുന്നു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ലക്ഷങ്ങള്‍ ചിലവഴിച്ചാണ് പുതിയ സംരക്ഷണഭിത്തി നിര്‍മ്മിച്ചത്. ഈ ഭാഗത്തെ റബ്ബര്തോട്ടങ്ങളുടെയും മണര്‍കാട് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും നിരന്തരം തീരമിടിയുന്നുണ്ട്.
തീരമിടിച്ചിലില്‍ ദുരിതത്തിലായവര്‍ തഹസീല്‍ദാര്‍ക്കും മറ്റും പരാതിയും നിവേദനവും നല്‍കിയിട്ട് നാല് വര്‍ഷത്തോളമായിട്ടും നടപടിയായിരുന്നില്ല. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നാല് തവണ പരാതി നല്‍കിയതിന്റെ ഭാഗമായി മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്നും സംരക്ഷണഭിത്തി നിര്‍മ്മിച്ചു നല്കാന് അനുമതിയായെങ്കിലും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വര്‍ഷങ്ങളായി ഫയലില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. പാലാ ബൈപ്പാസിന്റെ ഭാഗമായി പുതിയ പാലം നിര്‍മ്മിക്കുമ്പോള്‍ സമീപപ്രദേശങ്ങളില്‍ സംരക്ഷണഭിത്തി നിര്മ്മിച്ചുനല്കുന്നതിന് നിഷ്ക്കര്ഷിക്കാറുണ്ടെങ്കിലും ഇതും നടപ്പാക്കിയിരുന്നില്ല. പാലത്തിന് 150 മീറ്റര്‍ മാത്രം ദൂരത്തിലാണ് വീടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: