കൊല്ലം: വാഹനാപകടത്തില്‍ മരിച്ചെന്നു കരുതിയ യുവാവിനെ കിളികൊല്ലൂരിലെ ബിയര്‍ പാര്‍ലറിലുണ്ടായ വാക്കുതര്‍ക്കംമൂലം കുത്തികൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. മുഖ്യപ്രതികളെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കിളികൊല്ലൂര്‍ കന്നിമേല്‍ ശാന്തിനഗര്‍ 37 തയ്യില്‍ പറമ്പില്‍ വീട്ടില്‍ രഘുനാഥന്റെയും സിന്ധുഭായിയുടെയും മകന് വയറിങ് പ്ലംബിങ് തൊഴിലാളിയായ രഞ്ജിത് (25) ആണ് കൊല്ലപ്പെട്ടത്. കരിക്കോട് പുന്നയത്ത് വയല്‍ നെല്ലിവിള വീട്ടില്‍ പ്രസാദ് മകന് കൊലവെറി എന്ന് വിളിക്കുന്ന രഞ്ജു (23), കരിക്കോട് കൊച്ചുവിള കിഴക്കതില്‍ സത്യന് മകന് പുളുകൊച്ചി എന്ന് വിളിക്കുന്ന ശ്രീസാജ് (23) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി എട്ടിന് കിളികൊല്ലൂര്‍ ബിയര്‍ പാര്‍ലറില്‍ പേരൂര്‍ സ്വദേശികളായ സന്തോഷും ശ്യാമും മറ്റ് സുഹൃത്തുക്കളും കൂടി ബിയര്‍ കഴിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട രഞ്ജിത്തുമായി വാക്കുതര്ക്കുമുണ്ടാകുകയും തുടര്‍ന്ന് സുഹൃത്തായ ശ്രീസാജിനെ ഫോണില്‍ വിളിച്ചുവരുത്തി ബാറിന്റെ മുന്നില്‍ വച്ച് കുത്തുകയുമായിരുന്നു.
അബോധാവസ്ഥയിലായ രഞ്ജിത്തിനെ മരിക്കുമെന്ന് ഉറപ്പായതോടെ തെളിവ് നശിപ്പിക്കാനായി കോയിക്കല്‍ ജംഗ്ഷന് സമീപത്ത് ബൈക്കില്‍ കൊണ്ടുവന്ന് ഇരുട്ടുള്ള ഭാഗത്ത് തള്ളിയിട്ട ശേഷം കടന്നുകളഞ്ഞു. ബിയര്‍ പാര്‍ലറിലെ സിസിടിവി ക്യാമറ പോലീസ് പരിശോധിച്ചപ്പോള്‍ ബാറിലുണ്ടായ വാക്കുതര്‍ക്കവും കത്തികുത്തും മുന്‍നിശ്ചയിച്ച പ്രകാരമാണെന്ന് വെളിവാക്കപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട എല്ലാവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. സിറ്റി പോലീസ് കമ്മീഷണര്‍ ബി.സുരേഷ്കുമാറിന് കിട്ടിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുണ്ടറ റയില്വേസ്റ്റേഷന് പരിസരത്ത് നിന്ന് ഇന്നലെ ഉച്ചയ്ക്കാണ് പ്രതികള്‍ പിടിയിലായത്.
ഇരവിപുരം സിഐ വി.എസ്.പ്രദീപ്കുമാര്‍, കിളികൊല്ലൂര്‍ എസ്ഐ അജിത്, എഎസ്ഐ അഷറഫ്, ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍, ഷാഡോ ടീമംഗങ്ങളായ ഐ.ഷിഹാബുദ്ദീന്, മണികണ്ഠന്, മനു, സീനു, കബീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: