കുന്നത്തൂര്‍: സംഘടിത മതന്യൂനപക്ഷം ഹിന്ദുക്കളെ അവരിലേക്ക് കൂട്ടത്തോടെ വലിച്ചെടുത്തപ്പോള്‍ എതിര്‍ക്കാതിരുന്നവര്‍ ഇപ്പോള്‍ ഘര്‍വാപ്പസിക്കെതിരെ ശബ്ദമുയര്‍ത്തുന്നത് എന്തിനാണെന്നും ഒരിക്കല്‍ മതം മാറിപ്പോയവര്‍ക്ക് തിരിച്ച് അവരുടെ മതത്തിലേക്ക് വരാനും അവകാശമുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളിനടേശന് പറഞ്ഞു. അമ്പലത്തുംഭാഗം 1070-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ ഗുരുദേവക്ഷേത്ര സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വം എന്നത് കള്ളനാണയമാണ്. ഇടതുവലതു പക്ഷങ്ങള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. സംഘടിത മതശക്തി ഭരണം അപ്പാടെ കയ്യാളുകയാണ്. വിദ്യാഭ്യാസ വകുപ്പ് വര്‍ഷങ്ങളായി ഭരിക്കുന്ന സമുദായം അതിന്റെ എല്ലാ ഗുണഫലങ്ങളും ഒറ്റയ്ക്ക് അനുഭവിക്കുകയാണ്.
സ്വന്തം സ്ഥാപനങ്ങളില്‍പോലും ഭൂരിപക്ഷസമുദായത്തിന് പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷസമുദായം ചിഹ്നം നോക്കി വോട്ട് ചെയ്യുമ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ പേര് നോക്കിയാണ് വോട്ട് കുത്തുന്നത്. സ്ഥിരമായി ഒരു ചിഹ്നത്തിന് മാത്രം വോട്ടുകുത്തി ഭൂരിപക്ഷ സമുദായം വോട്ടുകുത്തി യന്ത്രങ്ങളായി അധപതിച്ചു. സമുദായ നേതാക്കളെ പൊതുജനമധ്യത്തില്‍ അധിക്ഷേപിക്കുന്ന വിപ്ലവ നേതാക്കന്മാര് മതനേതാക്കന്മാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കുന്നത്തൂര്‍ യൂണിയന് പ്രസിഡന്റ് ഡോ.പി.കമലാസനന് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി ശ്രീലയം ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി അഡ്വ.കെ.വി.സജനെ വെള്ളാപ്പള്ളി നടേശന് ആദരിച്ചു. യൂണിയന് നേതാക്കളായ ആര്.ശ്രീകുമാര്‍, എസ്.വിജയന്, അഡ്വ.എന്‍.സുധാകരന്, ബി.അജിത്കുമാര്‍, സി.കെ.ശ്രീകുമാര്‍, സജിതാ.വി.രാജ് തുടങ്ങിയവര്‍ സംസാരിച്ചു. ബേബികുമാര്‍ സ്വാഗതവും എന്‍.ശിവാനന്ദന് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: