വള്ളികുന്നം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന അലങ്കരിച്ച പ്രചരണ കൂടാരം കത്തിച്ച നിലയില്‍. വിഎസ് അച്ചുതാനന്ദന് സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് വള്ളികുന്നത്ത് സിപിഎം വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് വിഎസ് അനുകൂലികള്‍ കഴിഞ്ഞ ദിവസം ഈ കൂടാരത്തിന്റെ വശങ്ങളില് പോസ്റ്ററുകള്‍ പതിച്ചിരുന്നു. രാവിലെ തന്നെ ഔദ്യോഗിക വിഭാഗം നേതാക്കള്‍ എത്തി പോസ്റ്ററുകള്‍ കീറി കളഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉയര്‍ന്നിരുന്നു. രാത്രിയിലാണ് കൂടാരം കത്തിച്ചത്. വിഎസ് അനുകൂലികളാണ് ഇതിനു പിന്നിലെന്ന് ഔദ്യോഗിക വിഭാഗം ആരോപിച്ചു. ഇതിനിടെ വള്ളികുന്നത്ത് രാഷ്ട്രീയ സംഘര്‍ഷം സൃഷ്ടിച്ച് അണികളെ ഒരുമിപ്പിച്ച് നിര്‍ത്താനുള്ള ഗൂഢനീക്കം ചില സിപിഎം നേതാക്കളുടെ ഭാഗത്തുനിന്നും ആരംഭിച്ചതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: