ആലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനായി മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള സംയുക്ത പരിശോധന മാര്‍ച്ച് എട്ടിന് രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടത്തും. തൊഴിലാളികള്‍ ഉപയോഗിക്കുന്ന വള്ളവും എന്‍ജിനും ഫിഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധിക്കുന്നത്. യഥാര്‍ത്ഥ രേഖകള്‍ സഹിതമാണ് പരിശോധന. 15 വര്‍ഷം വരെ പഴക്കമുള്ള എന്‍ജിനുകള്‍ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കൂ. വള്ളവും എന്‍ജിനും പരിശോധിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ നല്‍കണം.
അപേക്ഷാഫോറങ്ങള്‍ മത്സ്യഫെഡ് ക്ലസ്റ്റര്‍ ഓഫീസ്, മത്സ്യഭവന്, മത്സ്യഫെഡ് പ്രാഥമിക സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. മുമ്പ് അപേക്ഷ നല്കിയിട്ടുള്ളവര് വീണ്ടും അപേക്ഷിക്കേണ്ട. അപേക്ഷ ഫോറത്തിന്റെ ഫോട്ടോകോപ്പി ഉപയോഗിക്കരുത്. ഓരോ എന്‍ജിനും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഹാജരാക്കേണ്ട രേഖകള്‍: വള്ളവും എന്‍ജിനും രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്/റ്റിആര്‍ അഞ്ച്, എന്ജിന് വാങ്ങിയതിന്റെ ബില്‍/ഇന്‍വോയ്സ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാസ് ബുക്ക്, നിലവിലുള്ള പെര്‍മിറ്റ്, റേഷന്‍ കാര്‍ഡിന്റെ ഒന്നും രണ്ടും പേജുകള്‍, ഇലക്ഷന് കാര്‍ഡ്/ആധാര്‍ കാര്‍ഡ്/ബയോമെട്രിക് കാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: