കുന്നത്തൂര്‍: താലൂക്കിന്റെ നെല്ലറയായ ശൂരനാട് നെല്‍വയല്‍ ഏലകള്‍ കത്തിനശിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസം രാവിലെ 11ഓടെ ശൂരനാട് വടക്ക് ആനയടി മണ്ണുപുറം ഏലയിലെ രണ്ടര ഏക്കറോളം നെല്‍കൃഷിയാണ് കത്തി നശിച്ചത്.
ഒരു കൂട്ടം കര്‍ഷകരുടെ കൂട്ടായ്മയില്‍ കൃഷിചെയ്യുന്ന ഏലയിലാണ് അഗ്നിബാധയുണ്ടായത്. വിളവെടുപ്പിനായി പാകമായ നെല്‍കൃഷിയാണ് പൂര്‍ണമായും കത്തിനശിച്ചത്. രണ്ടാഴ്ച മുമ്പ് ഇവിടെ വിളവെടുപ്പ് തുടങ്ങിയിരുന്നു. പഞ്ചായത്തിന്റെ കൊയ്ത്തുയന്ത്രം തകരാറായതിനെ തുടര്‍ന്ന് വിളവെടുപ്പ് മുടങ്ങുകയായിരുന്നു. കേടായ യന്ത്രം ശരിയാക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
രാവിലെ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ അതണയ്ക്കാന് ശ്രമിച്ചെങ്കിലും കാറ്റും വെയിലുംമൂലം തീ അതിവേഗം ആളി പടരുകയായിരുന്നു.
തുടര്‍ന്ന് ശാസ്താംകോട്ടയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ സമീപത്തെ വാഴത്തോപ്പിലേക്കും വ്യാപിച്ച് വാഴകൃഷിയും നശിച്ചിട്ടുണ്ട്.
ബാങ്ക് ലോണെടുത്തും കടം വാങ്ങിയും നെല്‍കൃഷി ഇറക്കി വിളവെടുപ്പിലൂടെ നൂറുമേനി കൊയ്യാമെന്ന പ്രതീക്ഷയിലിരുന്ന കര്‍ഷകര്‍ക്ക് ഇത് വന്‍തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
വായ്പകള്‍പോലും തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത പ്രതിസന്ധിയിലാണ് കര്‍ഷകര്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. ലക്ഷങ്ങളുടെ നെല്‍കൃഷിയാണ് അഗ്നിബാധയെ തുടര്‍ന്ന് കത്തിനശിച്ചത്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
ആഴ്ചകള്‍ക്ക് മുമ്പ് ആനയടി ഏലായിലും സമാനരീതിയില്‍ തീപിടുത്തമുണ്ടായി. നെല്‍കൃഷി കത്തിനശിച്ചിരുന്നു.
യന്ത്രതകരാറുമൂലം വിളവെടുക്കാന്‍ സാധിക്കാത്ത ഏക്കറുകണക്കിന് കൃഷി ഇനിയും ഇവിടെ അവശേഷിക്കുന്നുണ്ട്. അവയുടെ വിളവെടുപ്പിനായി പഞ്ചായത്ത് എത്രയുംവേഗം യന്ത്രം ശരിയാക്കുകയോ യന്ത്രം വാടകയ്ക്ക് എടുക്കുകയോ ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പ്രദേശത്തെ സാമൂഹികവിരുദ്ധരാണ് ഏലായുടെ തീപിടുത്തത്തിന് പിന്നിലെന്നാണ് കര്‍ഷകരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: