ആലപ്പുഴ: മുപ്പത്തിയെട്ടുകാരന് തട്ടിക്കൊണ്ടുപോയ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകളെ കണ്ടെത്തിത്തരണമെന്നാവശ്യപ്പെട്ട് കുമാരപുരം താമല്ലാക്കല്‍ സ്വദേശിയായ അമ്മ വനിതാ കമ്മിഷനെ സമീപിച്ചു. ഫെബ്രുവരി 14നാണ് മകളെ കാണാതായതെന്ന് അവര്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിദ്യാര്‍ഥിനിയെ കെണ്ടത്താന്‍ തെരച്ചില്‍ നടത്തുകയാണെന്നും ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടെലിഫോണിലൂടെ കമ്മിഷനെ അറിയിച്ചു.
ക്ഷേത്രത്തിനു നല്കിയ ഭൂമി അനുജത്തി കള്ളയൊപ്പിട്ടു തട്ടിയെടുത്തതായി ആരോപിച്ച് കരുമാടി സ്വദേശിയായ എണ്‍പതുകാരി വനിതാ കമ്മിഷന് അദാലത്തിലെത്തി. നാലു സെന്റ് സ്ഥലം രേഖകളില്‍ കൃത്രിമം കാണിച്ച് തട്ടിയെടുത്തതായാണ് പരാതി നല്‍കിയത്. അടുത്ത സിറ്റിങ്ങില്‍ എതിര്‍കക്ഷി എത്തുന്നതിന് വാറണ്ട് അയയ്ക്കാന്‍ കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവി പോലീസിനോടു നിര്‍ദേശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭര്‍ത്താവ് തട്ടിയെടുത്ത പണം തിരികെ ലഭിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സൈനികോദ്യോഗസ്ഥയായ ചെങ്ങന്നൂര്‍ പാനാട് സ്വദേശിനി അദാലത്തിലെത്തി. പലപ്രാവശ്യമായി ഭര്‍ത്താവ് പണം വാങ്ങിയതായും അതുപയോഗിച്ച് കാര്‍ വാങ്ങിയതായും അച്ഛനെയും അമ്മയെയും മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. വിവാഹമോചനം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനു കോടതിയെ സമീപിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശം കമ്മിഷന് നല്കി.
സഹോദരങ്ങള്‍ തമ്മിലുള്ള ശത്രുതയും സ്വത്തു തര്‍ക്കവുമാണ് തീര്‍പ്പിനായി വന്ന കേസുകളില്‍ കൂടുതലും കാണപ്പെട്ടതെന്ന് കമ്മിഷനംഗം പറഞ്ഞു. ഇത് കുടുംബങ്ങളിലെ സാമ്പത്തികമായ പ്രശ്നങ്ങളെയാണ് വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു. കൗണ്‍സലര്‍മാരായ പി.റ്റി. ചന്ദ്രലേഖ, അര്‍ച്ചന എന്നിവരും കേസുകള്‍ പരിഗണിച്ചു. അദാലത്തില്‍ 95 കേസുകള്‍ പരിഗണനയ്ക്കെടുത്തു. 46 എണ്ണം തീര്‍പ്പാക്കി. 23 കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ടും മുതിര്‍ന്ന പൗരന്മാര്ക്ക് നീതി ലഭിക്കാതിരിക്കുന്നത് ഉള്‍പ്പടെയുള്ള അഞ്ച് കേസുകളില്‍ ആര്‍ഡിഒയുടെ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. 16 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: