പത്തനാപുരം: പുന്നലയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം അടച്ചുപൂട്ടി. നിക്ഷേപകര്‍ പരാതിയുമായി രംഗത്ത്. ഇവര്‍ക്ക് രണ്ട് കോടിയിലേറെ രൂപയാണ് കിട്ടാനുള്ളത്. പുന്നല ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണമായും ചിട്ടിയിനത്തിലും നിക്ഷേപിച്ച എഴുപതോളം നിക്ഷേപകരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പണം ലഭിക്കാനുള്ളവര്‍ കഴിഞ്ഞദിവസം പണമിടപാട് സ്ഥാപന ഉടമയായ ത്രിവിക്രമന്പോറ്റിയുടെ വസതിയിലെത്തി ബഹളം വച്ചു. രണ്ടുമാസം മുമ്പ് ചിലരുടെ പരാതിയെതുടര്‍ന്ന് പത്തനാപുരം പോലീസ് ത്രിവിക്രമന്‍ പോറ്റിക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പണം തിരികെ ലഭിക്കാന്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ ഇടപാടുകള്‍ വീണ്ടും ഉടമയുടെ വസതിയിലെത്തുകയായിരുന്നു.
നിക്ഷേപകരെ പറ്റിച്ച് ഒളിവില്‍ കഴിയുന്ന സ്ഥാപനഉടമയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇതിനിടെ ഉടമയുടെ പേരിലുണ്ടായിരുന്ന ചില വസ്തുവകകള്‍ രഹസ്യമായി വില്പന നടത്തിയതായും പറയപ്പെടുന്നു. പണം ലഭിക്കാനുള്ളവര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രത്യക്ഷസമരപരിപാടികള് നടത്താനുള്ള ആലോചനയിലാണ്. ധനകാര്യസ്ഥാപന ഉടമയ്ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന രാഷ്ട്രീയ പ്രതിനിധികള്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: