ചെട്ടികുളങ്ങര: കുംഭത്തിലെ തിരുവോണ (ശിവരാത്രി) നാളില്‍ കരകളിലും കുത്തിയോട്ട വഴിപാടു ഭവനങ്ങളിലും ആരംഭിച്ച ചെട്ടികുളങ്ങര ദേവിക്കുള്ള തിരുമുല്ക്കാഴ്ച ഫെബ്രുവരി 24ന് തിരുമുന്പില് സമര്‍പ്പിക്കും. കുത്തിയോട്ട ഭവനങ്ങളില്‍ ഞായറാഴ്ച പൊലിവ് ചടങ്ങില്‍ ഭഗവതിക്കു മുന്പില് പതിനായിരങ്ങളാണ് കാണിക്ക അര്‍പ്പിച്ചത്. ദീപാരാധനയ്ക്കും ദേവീ സ്തുതിക്കും ശേഷം കുത്തിയോട്ടകളത്തിന്റെ പ്രത്യേക സ്ഥാനത്ത് ഒരുക്കിവച്ച ചുവന്ന പട്ടുവിരിച്ച ഓട്ടുരുളിയിലാണ് പൊലിവ് അര്‍പ്പിച്ചത്. കുത്തിയോട്ട ആശാന്മാര് പൂര്‍വ്വികമായി ചിട്ടപ്പെടുത്തിയിരിക്കുന്ന പൊലിവ് പാട്ട് ആരംഭിച്ചപ്പോള്‍ ആദ്യമായി വഴിപാടുകാരനും കുടുംബവും പൊലിവ് അര്‍പ്പിച്ചു. വസ്ത്രവും കാണിക്കയും സഹിതമായിരുന്നു ഈ സമര്‍പ്പണം.
ഇതിനുശേഷം കരനാഥന്മാര്, ബന്ധുമിത്രാധികള്‍, കരക്കാര്, ഭക്തജനങ്ങള്‍ എന്നീ ക്രമമനുസരിച്ച് പൊലിവ് തട്ടത്തില്‍ സമര്‍പ്പണം നടത്തി. ഭക്തിയോടും നിഷ്ഠയോടും അനുഷ്ടാന പ്രദാനമായി നടത്തുന്ന കുത്തിയോട്ട പൊലിവില് പങ്കുചേര്‍ന്നാല്‍ ഉദ്ദിഷ്ട കാര്യസിദ്ധിയാണ് ഫലം. അശ്വതി നാളായ തിങ്കളാഴ്ച കുത്തിയോട്ടവീടുകളില് വിശ്രമദിനമാണ് തിങ്കളാഴ്ചയാണ് വഴിപാട് കുട്ടികളുടെ കോതുവെട്ട് എന്ന ചടങ്ങ് നടക്കുന്നത്. നാളെ പുലര്‍ച്ചെ കുട്ടികളെ കുളിപ്പിച്ച് ബന്ധുജനങ്ങള്‍ക്കും ഗുരുനാഥന്മാര്ക്കും ദക്ഷിണ നല്കി മുഖത്ത് ചുട്ടി കുത്തി കൈകളില്‍ കാപ്പണിയിച്ച് കഴുത്തില്‍ മണിമാലകള്‍ അണിയിച്ച് വാഴയില വാട്ടിയുടിപ്പിച്ച് കിന്നരിത്തൊപ്പികള്‍ അണിയിച്ച് കയ്യില്‍ അടയ്ക്ക കുത്തിയ കത്തിയുമായി കുത്തിയോട്ടപ്പാട്ടിന്റെയും താലപ്പൊലികളുടെയും വായ്ക്കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അമ്മയുടെ തിരുമുന്പിലേക്ക് സ്വീകരിക്കും. തിരുമുന്പിലെത്തി ചൂരല്‍ മുറിഞ്ഞതിനുശേഷം കുട്ടികളെ സ്നാനം ചെയ്യിപ്പിച്ച് വീട്ടുകാര്‍ക്കു കൈമാറും.
വൈകിട്ട് നാലുമണിയോടെയാണ് അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രത്തിലെത്തുന്ന കെട്ടുകാഴ്ചകള്‍ കരകളുടെ ക്രമം അനുസരിച്ചാണ് കാഴ്ചക്കണ്ടത്തില്‍ ഇറങ്ങുന്നത്. പുലര്‍ച്ചെ കെട്ടുകാഴ്ചകള്‍ക്കു സമീപം ദേവിയുടെ എഴുന്നള്ളത്തോടെ കുംഭഭരണി മഹോത്സവത്തിന് സമാപനം കുറിക്കും. കെട്ടുകാഴ്ചയോടനുബന്ധിച്ച് കരകളില്‍ നടക്കുന്ന കഞ്ഞി സദ്യകളും തിങ്കളാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: