കൊച്ചി: മണ്‍സൂണ്‍ കാലത്ത് എഞ്ചിന് ഘടിപ്പിച്ച എല്ലാ വള്ളങ്ങളേയും 61 ദിവസത്തേക്ക് നിരോധിക്കാന്‍ ശുപാര്‍ശചെയ്ത സെയ്ദ റാവു കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 4ന് തൊഴിലാളികള്‍ എറണാകുളത്തെ സിഎംഎഫ്ആര്‍ഐ ആസ്ഥാനത്തേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ജില്ലാ സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. കേരളത്തിന്റെ തീരക്കടലിനു വെളിയില്‍വരെ മത്സ്യബന്ധനം നടത്തുന്ന കപ്പലുകള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യങ്ങളേയും പിടിച്ചുകൊണ്ടുപോകുമെന്ന് യോഗം വിലയിരുത്തി. സിഎംഎഫ്ആര്‍ഐ ഡയറക്ടറായിരുന്ന സെയ്ദറാവു കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കുന്നപക്ഷം കേരളത്തില്‍ മണ്‍സൂണ്‍ കാലത്ത് പൂര്‍ണ്ണ മത്സ്യബന്ധന നിരോധനമാണ് ഫലത്തില്‍ നടപ്പാവുക.
ഈ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് 4ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കപ്പെടുക. മീനാകുമാരി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏപ്രില്‍ 8ന് നടക്കുന്ന തീരദേശ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിപുലമായ പ്രചരണം നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്മാന് സി.കെ. ഗോപാലന് അധ്യക്ഷതവഹിച്ചു. സംസ്ഥാന ചെയര്മാന് വി. ദിനകരന് സംസ്ഥാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ്ജ് സമരപരിപാടികള്‍ വിശദീകരിച്ചു. കെ.എസ്. അനില്‍കുമാര്‍ (ബിഎംഎസ്), ടി. രഘുവരന് (സിഐടിയു), കുമ്പളം രാജപ്പന് (എഐടിയുസി), കെ.കെ. പുഷ്ക്കരന്‍ (ധീവരസഭ), വി.ഡി. മജീന്ദ്രന് (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്), എന്‍.വി. രാധാകൃഷ്ണന് (ജനത മത്സ്യത്തൊഴിലാളി യൂണിയന്), കെ.കെ. ദാസന് (എന്‍എല്‍ഒ), പി.ബി. ദയാനന്ദന് (ടിയുസിഐ) തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: