ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിലെ പ്രബലവിഭാഗം വി.എസ്. അച്യുതാനന്ദനെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് വിഎസ് അനുകൂലികള്‍ ജില്ലയിലെ പലയിടങ്ങളിലും പ്രകടനം നടത്തി. മണ്ണഞ്ചേരി തമ്പകച്ചുവട്ടില്‍ ഫെബ്രുവരി 21ന് രാത്രിയോടെ ഇരുപത്തിയഞ്ചോളം പേര് വിഎസ് അനുകൂല മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി. പുന്നപ്രയിലും പ്രകടനം നടന്നു.
ജില്ലയിലെ പലയിടങ്ങളിലും അനുകൂലികള്‍ പ്രകടനം നടത്താന്‍ തയാറായെങ്കിലും വിഎസ് പക്ഷ നേതാക്കള്‍ തടയുകയായിരുന്നു. വിഎസിന്റെ നിലപാട് പൂര്‍ണമായും പുറത്തുവന്ന ശേഷം മാത്രം പരസ്യ പ്രതികരണത്തിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് നേതാക്കളുടെ നിലപാട്.
രാവിലെ പതിനൊന്നേകാലോടെ വിഎസ് സമ്മേളന വേദിയില്‍ നിന്നിറങ്ങി വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അദ്ദേഹത്തിന് പിന്തുണയുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാല്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ വിഎസ് തയാറായില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് വിഎസിന് പിന്തുണ അര്‍പ്പിച്ച് നിരവധിപേര്‍ ടെലിഫോണിലും ബന്ധപ്പെട്ടതായി വിവരമുണ്ട്.
അതിനിടെ ജില്ലയില്‍ വിഎസ് അനുകൂല പ്രകടനമോ പോസ്റ്റര്‍ പ്രചരണമോ ഉണ്ടായാല്‍ പ്രതികരിക്കേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രാദേശിക ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി അറിയുന്നു. പ്രതികരിച്ചാല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കോടികള്‍ മുടക്കി പാര്‍ട്ടി സമ്മേളനം നടത്തുമ്പോഴും മാധ്യമശ്രദ്ധയും ജനശ്രദ്ധയും ഇന്നലെ രാവിലെ മുതല്‍ വിഎസിന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലായിരുന്നു. ഇത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: