ചേര്‍ത്തല: ഗൃഹനാഥന് ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണി സഹിക്കവയ്യാതെയെന്ന് പരാതി. കുത്തിയതോട് മൂന്നാം വാര്‍ഡ് നടുവുലത്തറയില് സന്തോഷി (47)നെയാണ് കഴിഞ്ഞദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് സന്തോഷിന്റെ ഭാര്യ ഗീത കുത്തിയതോട് സിഐക്ക് പരാതി നല്കി.
മരണം സംഭവിച്ച അതേദിവസം രാവിലെ സന്തോഷിനെ തിരക്കി കൊച്ചിയില്‍ നിന്നും രണ്ടുപേര്‍ വന്നിരുന്നു. സന്തോഷ് പണം നല്‍കാനുണ്ടെന്ന് വീട്ടിലുണ്ടായിരുന്ന ഗീതയോട് ഇവര്‍ പറഞ്ഞു. എന്നാല്‍ സന്തോഷിനെ കാണാതെ തിരിച്ചുപോയ സംഘം വൈകിട്ട് വീണ്ടും എത്തി. സമീപത്തെ പീലിങ് ഷെഡില്‍ ജോലിക്കുപോയിരുന്ന ഗീതയെ വിളിച്ചുവരുത്തി 50 ലക്ഷം രൂപ സന്തോഷ് തരാനുണ്ടെന്നും പണം തരാതെ പോകില്ലെന്നും ഭീഷണിപ്പെടുത്തി. ബഹളത്തിനിടെ വീടിന്റെ വാതില്‍ തുറന്ന് അകത്തുകയറുമ്പോഴാണ് സന്തോഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ പണം ചോദിച്ചെത്തിയവര് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും, കുബേരയില്പ്പെടുത്തി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെപിഎംഎസ് അരൂര്‍ യൂണിയനും, പറയകാട് 1027-ാം നമ്പര്‍ ശാഖാകമ്മറ്റിയും രംഗത്തെത്തി. ദുരൂഹമരണം അന്വേഷിച്ച് എത്രയും വേഗം നടപടികള്‍ എടുത്തില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂണിയന് സെക്രട്ടറി ജനാര്ദ്ദനന്, ശാഖാ പ്രസിഡന്റ് സി.എം. ചന്ദ്രന്, കമ്മറ്റിയംഗം ദീപുകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: