ആലപ്പുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം നാഷണല്‍ ഹൈവേയുടെ ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു. ഈ മാസം 11ന് ഒപ്പിട്ട നിര്‍മ്മാണകരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും തൊഴിലാളി സംഘടനാ പ്രതിനിധികളും ബന്ധപ്പെട്ട മറ്റുളളവരും പിന്തുണ അറിയിച്ചു. എലിവേറ്റഡ് ഹൈവേയുള്ള ബൈ പാസ് വരുന്നതോടെ ഉരുത്തിരിയുന്ന വിനോദസഞ്ചാരസാധ്യതകളും പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. നാഷണല്‍ ഹൈവേയുടെ ചരിത്രത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പണം മുടക്കി നടപ്പാക്കുന്ന രാജ്യത്തെ തന്നെ ആദ്യത്തെ സംരംഭമാണിതെന്ന് എംപി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം കൊല്ലം ബൈ പാസ് പൂര്‍ത്തീകരണത്തിനും നടപടിയായിട്ടുണ്ട്.
ദേശീയ പാത 66ന്റെ (പഴയ എന്‍എച്ച് 47) പടിഞ്ഞാറു ഭാഗത്തു കൂടി, കൊമ്മാടി മുതല്‍ കളര്‍ കോട് വരെയാണ് 6.8 കിലോമീറ്റര്‍ നീളമുള്ള ബൈ പാസ് നിര്‍മ്മിക്കുക. രണ്ടു വശത്തും ചെറുവാഹനങ്ങള്‍ക്കുള്ള 1.50 മീറ്റര്‍ പേവ്ഡ് ഷോള്‍ഡറോടു കൂടിയ രണ്ടുവരിപ്പാതയായിരിക്കും ഇത്. 3.6 കിമീ റോഡ് 10 മീറ്റര്‍ വീതിയിലാണ്. 2.6 കിമീ സര്‍വീസ് റോഡ്, 4.25 കിമീ സ്ലിപ്പ് റോഡ്, 14 കലുങ്കുകള്‍, രണ്ടു പ്രധാന കവലകള്‍, നാലു ചെറിയ കവലകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
ബീച്ചിലെ ഭാഗം ഉയരം കൂടിയ തൂണുകളിലുള്ള എലിവേറ്റഡ് ഹൈവേയായിരിക്കും. മാളികമുക്കിലും കുതിരപ്പന്തിയിലുമുള്ള രണ്ടു റെയില്‍വേ മേല്‍പ്പാലങ്ങളെ ബന്ധിപ്പിച്ച് 3,200 മീറ്റര്‍ നീളത്തിലാണ് ഇത് നിര്‍മ്മിക്കുക. എലിവേറ്റഡ് ഹൈവേ ബീച്ചിന്റെ ഭംഗി കൂട്ടും. ഈ ഭാഗത്തുള്ള സര്‍വീസ് റോഡുകളും സ്ലിപ്പ് റോഡുകളും ബീച്ചിലേക്കുള്ള സഞ്ചാരം സുഗമമാക്കും. പാതയില്‍ തണല്‍ കിട്ടത്തക്കവിധത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കും.
നിലവില്‍ ബീച്ചിലേക്ക് എത്തിച്ചേരുന്ന എല്ലാ റോഡുകളും സര്‍വീസ്/സ്ലിപ്പ് റോഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പട്ടണത്തില്‍ നിന്നു ബീച്ചിലേക്കു പോകാന്‍ പ്രയാസമുണ്ടാകില്ല. സ്ഥലവാസികള്‍ക്ക് നിലവിലുള്ള എല്ലാ സൗകര്യവും തുടര്‍ന്നും ലഭിക്കും. ആറാട്ടുവഴി- മാളികമുക്ക് റോഡ്, ആലപ്പുഴ-അര്‍ത്തുങ്കല്‍ തീരദേശറോഡ്, കുതിരപ്പന്തി-തീരദേശറോഡ് എന്നിവിടങ്ങളില്‍ അടിപ്പാതകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. 348.43 കോടി രൂപയയാണു പദ്ധതിച്ചെലവ്. ബിഒടി ഒഴിവാക്കി ഇപിസി (എന്‍ജിനീയറിങ്, പ്രൊക്യുവര്‍മെന്റ്, ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) വ്യവസ്ഥയിലാണ് കരാര്‍ എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി ചെലവു വഹിക്കും. 30 മാസം കൊണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണു കരാറെങ്കിലും 20 മാസത്തിനകം പൂര്‍ത്തിയാക്കത്തക്ക വിധത്തിലാണു പ്രവര്‍ത്തനം നടത്തുക.
മേഖലയിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളപൈപ്പുകളും കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളും ലൈനുകളും ബിഎസ്എല്‍എല്ലിന്റെ കേബിളുകളും മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടിയും ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശം നല്കി. വൈദ്യുതി ലൈനുകള്‍ മാര്‍ച്ച് 10നകം മാറ്റും. നിര്‍മ്മാണവുമായി ബന്ധപ്പെട്ടു ദേശീയപാതാ വിഭാഗം തയ്യാറാക്കിയ പ്രസന്റേഷനും യോഗത്തോടനുബന്ധിച്ചു നടത്തി. ആദ്യയോഗത്തിനെത്തിച്ചേരാന് കഴിയാതിരുന്ന ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും വേണ്ടി അടുത്തയാഴ്ച വീണ്ടും യോഗം വിളിച്ച് പ്രസന്റേഷന് നടത്തും.
പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.പി. പ്രഭാകരന്, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, എഡിഎം ടി.ആര്. ആസാദ്, സബ് കളക്ടര്‍ ഡി. ബാലമുരളി, നഗരസഭാംഗങ്ങള്‍, രാഷ്ട്രീയകക്ഷികളുടെയും തൊഴിലാളി സംഘടനകളുടെയും നേതാക്കള്‍, വ്യാപാരികള്‍ റസിഡന്റ്സ് അസോസിയേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: