ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഒരാഴ്ച മുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ രണ്ട് പോളിയോ പ്രവര്‍ത്തകരേയും രണ്ട് സുരക്ഷാ ഗാര്‍ഡുമാരെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്തി. ബലൂജിസ്ഥാന്‍ പ്രവിശ്യയിലെ കില്ലി മുര്‍ഗ കിബ്‌സായ് എന്ന പ്രദേശത്താണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനായി അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളിലേക്ക് പോയതായിരുന്നു നാലു പേരും. ഇവര്‍ തിരികെയെത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തിങ്കളാഴ്ച രാത്രി വരെ കണ്ടെത്താനായില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
















