ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന ഇന്ന് ഇന്ത്യയിലെത്തും. പ്രസിഡന്റായി അധികാരമേറ്റ ശേഷം സിരിസേന നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
സമാധാനം, പുനരധിവാസം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ലങ്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തെ ഇന്ത്യ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജിയുമായും സിരിസേന കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാഷ്‌ട്രപതി ഭവനില്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും. 16ന് സിരിസേന ബോദ്ഗയ സന്ദര്‍ശിക്കും. തുടര്‍ന്ന് 17ന് തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കുന്ന സിരിസേന 18ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും.
















