കരുനാഗപ്പള്ളി: കെഎസ്ഇബി കരുനാഗപ്പള്ളി ഡിവിഷനില്‍ കോടിക്കണക്കിന് രൂപയുടെ ലൈന്‍ വര്‍ക്കുകള്‍ ബോര്‍ഡിന്റെ ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിക്കാതെ വ്യാജ ടെണ്ടറില്‍ ചെയ്തതായി വിവരാവകാശനിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ വ്യക്തമാകുന്നു.
കരാര്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എസ്റ്റിമേറ്റ് റേറ്റില്‍ നിന്നും 49 ശതമാനം വരെ താഴ്ന്ന നിരക്കിലാണ് കരാര്‍ ഉറപ്പിച്ചതും പണികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുള്ളതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിന് കോടികള്‍ നഷ്ടം വരുത്തിയാണ് 90 ശതമാനം വര്‍ക്കുകളും ചെയ്യിച്ചതെന്ന് ചില കരാറുകാര്‍ ആരോപിക്കുന്നു. ഈ വസ്തുതകള്‍ തെളിവ് സഹിതം പൊതുമുതല്‍ സംരക്ഷണസമിതി കരുനാഗപ്പള്ളി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി കൊടുത്തതായും പറയുന്നു.
സംരക്ഷണസമിതി കൊടുത്ത പരാതിയെ തുടര്‍ന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ക്രമക്കേടുകള്‍ ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് അസി.എഞ്ചിനീയര്‍മാര്‍ക്ക് കര്‍ശനനിര്‍ദ്ദേശം കൊടുത്തെങ്കിലും കരുനാഗപ്പള്ളി സൗത്ത് അസി.എഞ്ചിനീയര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിര്‍ദ്ദേശം പാലിക്കാതെ വര്‍ക്കുകള്‍ നടത്തുന്നതായി വ്യാപകമായ പരാതി.
മരുതൂര്‍കുളങ്ങര അമ്പലത്തിന് തെക്കുവശമുള്ള 11 കെവി വര്‍ക്ക്, മുണ്ടകപ്പാടം ഡിപി വര്‍ക്ക്, വടക്കേ ആലുംമൂടിന് കിഴക്കുവശമുള്ള ഡിപി വര്‍ക്ക്, കരുനാഗപ്പള്ളി ബസ് സ്റ്റാന്റിന് സമീപമുള്ള വര്‍ക്ക് കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് നടത്തിയതെന്ന് സംരക്ഷണസമിതി പറയുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഭയക്കുന്നു. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ടെണ്ടര്‍ നടപടിക്രമങ്ങള്‍ നടത്തണമെന്നും വര്‍ക്കുകള്‍ പരസ്യപ്പെടുത്തി എല്ലാ കരാറുകാര്‍ക്കും ടെണ്ടറില്‍ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടാക്കണമെന്നും കരാറുകാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി അസി.എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ സ്ഥിരം ചില കരാറുകാര്‍ക്ക് വര്‍ക്കുകള്‍ വീതം വച്ചുകൊടുക്കുകയാണെന്നും ഇതില്‍ വന്‍അഴിമതിയും കോടികള്‍ വൈദ്യുതി ബോര്‍ഡിന് നഷ്ടമുണ്ടാക്കുന്നുവെന്നും ആരോപണമുയരുന്നു.
കഴിഞ്ഞ നാലുവര്‍ഷകാലം കരുനാഗപ്പള്ളി ഡിവിഷന് കീഴില്‍ നടന്ന കോടിക്കണക്കുകളുടെ വര്‍ക്കുകള്‍ നടത്തി കോടികള്‍ കൊള്ളയടിച്ച ഉദ്യോഗസ്ഥന്മാരുടെ നടപടി വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് പൊതുമുതല്‍ സംരക്ഷണസമിതി പ്രസിഡന്റ് പി.ആന്റണിയും സെക്രട്ടറി സുധീറും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കെഎസ്ഇബി കരുനാഗപ്പള്ളി സൗത്ത്, തേവലക്കര ചവറ, പന്മന ഉള്‍പ്പെടെയുള്ള സെക്ഷന്‍ ഓഫീസ് പരിധിയിലുള്ള വര്‍ക്കുകളും അസി.എഞ്ചിനീയറുടെ തന്നിഷ്ടത്തിന് വീതംവെച്ച് കൊടുക്കുകയാണെന്നും വര്‍ക്കുകള്‍ ചെയ്യിക്കുന്നവരല്ല ബില്ലില്‍ ഒപ്പിട്ട് തുക വാങ്ങുന്നതെന്നും കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 25 ശതമാനം വരെ എഇമാര്‍ കരാറുകാരില്‍ നിന്നും കമ്മീഷന് പറ്റിയാണ് വര്‍ക്കുകള്‍ കൊടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: