ആലപ്പുഴ: സിപിഎമ്മിനെതിരെ പുന്നപ്ര വടക്കു പഞ്ചായത്തിലേക്ക് സിപിഐയുടെ പ്രതിഷേധ പ്രകടനം. സിപിഐക്കാരിയായ വനിതാ വൈസ് പ്രസിഡന്റിനെ സിപിഎമ്മുകാരനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അവഹേളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാപ്രസന്നയോടും പഞ്ചായത്ത് സെക്രട്ടറി പത്മാവതിയോടും കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റിയിലാണ് ത്യാഗരാജന്റെ നേതൃത്വത്തില്‍ സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചത്.
സിപിഐയുടെ വനിതാസംഘടന നടത്തിയ മാര്‍ച്ചും ധര്‍ണയും സിപിഐ ആലപ്പുഴ മണ്ഡലം കമ്മറ്റിയംഗം അഡ്വ. പി.പി. ഗീത ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഒരിക്കലും വച്ചുപൊറുപ്പിക്കാന്‍ പറ്റാത്തതാണെന്നും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധിക്യതര്‍ തയ്യാറാകണമെന്നും ഗീത പറഞ്ഞു. കേരളത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സംഭവമാണ് ജയാപ്രസന്നനു നേരേയുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മനുഷ്യവകാശ കമ്മീഷനെ സമീപിക്കുമെന്നും ഗീത പറഞ്ഞു. വിവിധ മഹിളാ സംഘടനാ നേതാക്കളും പഞ്ചായത്തംഗങ്ങളുമായ പ്രഭാ വിജയന്, ലതാ സുമിത്രന്, ശാന്തമ്മ, മണിയമ്മ എന്നിവരും ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രനും പ്രസംഗിച്ചു.
പുന്നപ്ര എസ്ഐ: ജയന്റെ നേത്യത്വത്തിലുള്ള പോലീസ് സന്നാഹം പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ തൊഴിലുറപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജയാപ്രസന്നയെയും, പഞ്ചായത്ത് സെക്രട്ടറിയെയും ഇവര്‍ അനാവശ്യം പറയുകയും തടഞ്ഞു വയ്ക്കുകയുമായിരുന്നു. മണിക്കൂറുകളോളമാണ് ജയാപ്രസന്നനെയും, പഞ്ചായത്ത് സെക്രട്ടറി പത്മാവതിയെയും ത്യാഗരാജനുള്പ്പെടെയുള്ളവര് തടഞ്ഞുവച്ച് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും.
പഞ്ചായത്തിലെ തൊഴിലുറപ്പു ജോലിയുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് ത്യാഗരാജന് പിരിച്ചുവിട്ട ആറുജീവനക്കാരെ തിരിച്ചെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനൊപ്പം പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ജയാപ്രസന്നന്‍ നിലകൊണ്ടതാണ് സിപിഎമ്മുകാരെ ചൊടിപ്പിച്ചത്. പഞ്ചായത്ത് സെക്രട്ടറി പത്മാവതിയേയും, വനിതാ ഉദ്യോഗസ്ഥരേയും ആക്ഷേപിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ത്യാഗരാജന്റെയും സിപിഎം അംഗങ്ങളുടെയും നിലവിട്ട നടപടിയില്‍ പ്രതിഷേധിച്ച് എന്‍ജിഒ അസോസിയേഷന് പുന്നപ്ര വടക്കു പഞ്ചായത്തു പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി.
ധര്‍ണ എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയോടും ജീവനക്കാരോടും അപമര്യാദയായി പെരുമാറിയ ത്യാഗരാജനെ പുറത്താക്കാന്‍ ഇലക്ഷന് കമ്മീഷണര്‍ അടിയന്തരമായി ഇടപെടണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: