കൊച്ചി: സാക്ഷരതാമിഷന്‍ തുടങ്ങുന്ന ഹയര്‍സെക്കണ്ടറി തുല്യതകോഴ്സിന്റെ രജിസ്ട്രേഷന് ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ജില്ലാകളക്ടര്‍ എം. ജി. രാജമാണിക്യം നിര്‍വ്വഹിക്കും. സിവില്‍സ്റ്റേഷനിലെ നാഷണല്‍ സേവിംഗ്സ് മിനികോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്ന പ്രേരക്മാരുടെ അവലോകനയോഗത്തിലാണ് ഉദ്ഘാടനം.
സാക്ഷരതാമിഷന്റെ പത്താംതരം തുല്യതകോഴ്സ് വിജയിച്ച മുഴുവന്‍പേര്‍ക്കും ഹയര്‍സെക്കണ്ടറി തുല്യതകോഴ്സില് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 22 വയസ് പൂര്‍ത്തിയായ പത്താംക്ലാസ് ജയിച്ച മറ്റുള്ളവര്‍ക്കും കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് കോഴ്സ് അനുവദിച്ചിട്ടുള്ളത്. അപേക്ഷാഫോറത്തിന് 100 രൂപയാണ് വില. അപേക്ഷാഫോറവും പ്രോസ്പെക്ടസും സാക്ഷരതാമിഷന്‍ തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും. രണ്ട് വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ഞായറാഴ്ചയും പൊതുഅവധിദിവസങ്ങളിലുമാണ് ക്ലാസ്. 70 പഠിതാക്കള്‍ക്ക് ഒരു സമ്പര്‍ക്ക പഠനകേന്ദ്രമെന്ന നിലയിലാണ് നിശ്ചയിച്ചിട്ടുള്ളത്.
ഹയര്‍സെക്കണ്ടറി തുല്യതയുടെ അധ്യാപകര്‍ക്ക് മണിക്കൂറിന് 200 രൂപ വച്ച് നല്‍കും. ഹയര്‍സെക്കണ്ടറി അധ്യാപകയോഗ്യതയുള്ളവരുടെ ഇന്റര്‍വ്യു ജില്ലാതലത്തില്‍ നടത്തിയാവും അധ്യാപകരെ നിയമിക്കുക. കോഴ്സില്‍ ചേരാന്‍ അര്‍ഹതയുള്ളവര്‍ ഫെബ്രുവരി 25 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ. വി. രതീഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: