കൊച്ചി: നഗരത്തിന് പൂക്കളുടെ സമൃദ്ധി സമ്മാനിച്ച് ഇനി ഒരാഴ്ച പൂക്കാലം. ജില്ലാ അഗ്രി ഹോര്‍ട്ടിക്കള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കൊച്ചി പുഷ്പോത്സവത്തിന് എറണാകുളത്തപ്പന് മൈതാനത്ത് ഇന്നലെ തുടക്കമായി. എക്സൈസ്, തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു പുഷ്പോത്സവം ഉദ്ഘാടനം ചെയ്തു.
അംബരചുംബികളില്‍ നിന്നും പ്രകൃതിയിലേക്ക് കണ്ണെറിയാന്‍ നഗരവാസികള്‍ക്ക് ലഭിച്ചിരിക്കുന്ന അവസരമാണ് പുഷ്പമേളയെന്ന് കെ. ബാബു പറഞ്ഞു. നാടിന്റെ ഹരിതസമൃദ്ധി നിലനിര്‍ത്തണമെന്ന കാഴ്ച്ചപ്പാടാണ് വികസനപദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
നഗരത്തിന്റെ പൊതുഇടങ്ങളില്‍ പൂക്കള്‍ വിരിയിക്കാനുള്ള മനസ് നഗരവാസികള്ക്കുണ്ടാകണമെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു. ഇടപ്പള്ളി വൈറ്റില ദേശീയപാത സൗന്ദര്യവല്‍ക്കരിക്കാന്‍ മുന്‍കയ്യെടുത്തത് ജില്ലാ അഗ്രി ഹോര്‍ട്ടിക്കള്‍ച്ചര്‍ സൊസൈറ്റിയാണ്. നഗരത്തിലെ മറ്റ് സ്ഥലങ്ങളും ഇതേ മാതൃകയില്‍ ഭംഗിയാക്കും. മൂന്ന് കോടി രൂപ ചെലവില്‍ സുഭാഷ് ബോസ് പാര്‍ക്കിന്റെ നവീകരണം മെയ് മാസത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
എംഎല്‍എമാരായ ഹൈബി ഈഡന്, ബെന്നി ബഹന്നാന്, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, ആര്. ഫ്രാന്‍സിസ് ചാക്കോ, വി. ഐ. ജോര്‍ജ്, ഡോ. കെ. പ്രതാപന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുഷ്പോത്സവം ഫെബ്രുവരി 18ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: