കൊല്ലം: സംയോജിത മത്സ്യഗ്രാമ പദ്ധതിയുടെ ഭാഗമായി തീരദേശ വികസന കോര്പ്പറേഷന് സംസ്ഥാനത്തെ തീരദേശ ഗ്രാമങ്ങളില്‍ 9.60 കോടി രൂപ ചെലവില്‍ 31 ലൈബ്രറികള്‍ സ്ഥാപിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു പറഞ്ഞു. തങ്കശ്ശേരിയിയിലും മുദാക്കരയിലും കോര്പ്പറേഷന് സ്ഥാപിക്കുന്ന ലൈബ്രറികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇരവിപുരം, ആലപ്പാട് എന്നിവിടങ്ങളിലും തീരദേശ വികസന കോര്പ്പറേഷന് ലൈബ്രറികള്‍ സ്ഥാപിക്കും. 31.63 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ കോര്പ്പറേഷന് കൊല്ലം ജില്ലയില്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതില്‍ 69.39 ലക്ഷം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 24.66 കോടിയുടെ പദ്ധതികള്‍ നിര്‍വ്വഹണ ഘട്ടത്തിലാണ്. തങ്കശ്ശേരിയിലെ ലൈബ്രറി മന്ദിരം കോമണ്‍ ഫെസിലിറ്റി സെന്ററായാണ് നിര്‍മ്മിക്കുന്നത്.
സെന്ററിന്റെ താഴത്തെ നിലയില്‍ അംഗന്വാടിക്കായുള്ള മുറി, ഹാള്‍, അടുക്കള, ടോയ്ലറ്റ് സംവിധാനം എന്നിവയുണ്ടാകും. മുകളിലത്തെ നിലയില്‍ ലൈബ്രറി, ഓഫീസ് മുറി, വിശ്രമസ്ഥലം എന്നിവ നിര്‍മ്മിക്കും. മുദാക്കര ലൈബ്രറി കെട്ടിടത്തില്‍ വായനാമുറി, പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, ഓഫീസ് സ്ഥലം, ടോയ്ലറ്റ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുലൈബ്രറികളിലേക്കും വേണ്ട പുസ്തകങ്ങളും ഫര്‍ണിച്ചറുകളും പദ്ധതിയിലുള്‍പ്പെടുത്തി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
എന്‍.കെ. പ്രേമചന്ദ്രന് എംപി, പി.കെ. ഗുരുദാസന് എംഎല്‍എ, മേയര്‍ ഹണി, ഫാ. പോള്‍ ആന്റണി, തീരദേശ വികസന കോര്പ്പറേഷന് എംഡി ഡോ.കെ. അമ്പാടി, ഡയറക്ടര്‍ ബോര്‍ഡ് അംഗം അനില്‍. ബി കളത്തില്‍, ജനറല്‍ മാനേജര്‍ കെ.എം. ലതി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: