ശാസ്താംകോട്ട: കല്ലടക്കുന്നുകളെക്കുറിച്ച് പാടിയും പറഞ്ഞും അവധൂതനായി മറഞ്ഞ കവി ഡി. വിനയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് തപസ്യ കലാസാഹിത്യവേദി. പക്ഷം ചേരാതെ നിന്നതുകൊണ്ട് സ്വയം പ്രഖ്യാപിത സാംസ്കാരികലോകം തമസ്കരിച്ചു കളഞ്ഞ കവിയെ ഓര്‍ക്കാന്‍ അനുസ്മരണദിനത്തില്‍ ഉണ്ടായിരുന്നത് അദ്ദേഹം ജീവന് കൊടുത്ത കടപുഴയിലെ നവോദയ വായനശാലയും തപസ്യയും മാത്രം.
നാടിന്റെ യശസ്സുയര്‍ത്തിയ മഹാന്മാരായ സര്‍ഗപ്രതി‘കളോട് നന്ദികേട് കാട്ടുന്ന നാട് ശാപം പിടിപെട്ടതാണെന്ന് തപസ്യ കലാസാഹിത്യവേദി ശാസ്താംകോട്ട ജെമിനി ഹൈറ്റ്സില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കവി ശൂരനാട് രവി പറഞ്ഞു.
ഭാഷാപണ്ഡിതനും വിഖ്യാത എഴുത്തുകാരനുമായ ശൂരനാട് കുഞ്ഞന്‍പിള്ളയ്ക്ക് ഈ നാട് അവഗണനയാണ് നല്‍കിയത്.
അദ്ദേഹത്തിന്റെ ആണ്ടുവാര്ഷികങ്ങള് രാഷ്ട്രീയ മഹോത്സവങ്ങളാക്കാന് ശ്രമിക്കുകയാണ് അധികാരികള്‍. അദ്ദേഹത്തിന്റെ ജന്മഗൃഹം അവഗണിക്കപ്പെട്ട നിലയിലാണ്. ഇഞ്ചക്കാട് ജനിക്കുകയും കുന്നത്തൂരില്‍ വളരുകയും ചെയ്ത ഇ.വി. കൃഷ്ണപിള്ളയോടും അനാദരവ് കാട്ടിയ നാടാണിത്. തപസ്യ വിനയസ്മൃതി സംഘടിപ്പിക്കുന്നത് നാടിന്റെ ശാപമോക്ഷത്തിനുവേണ്ടിക്കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തിന്റെ മുന്‍നിര കവികളോടൊപ്പം നടക്കുകയും മലയാളത്തെയും മണ്ണിനെയും ഉപാസിക്കുകയും ചെയ്ത വിനയചന്ദ്രന് യഥാര്‍ത്ഥ കവിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്റെ ആത്മബലം അവന്റെ പ്രതിഭയാണെന്നും അധികാരമോ അവാര്‍ഡുകളോ അക്കാദമികളിലെ കസേരകളോ അല്ലെന്നും വിശ്വസിക്കുകയും ഉറക്കെവിളിച്ചുപറയുകയും ചെയ്ത കവിയാണ് വിനയചന്ദ്രന് എന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ തപസ്യ സംസ്ഥാന സെക്രട്ടറി എം. സതീശന് ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥയില്‍ പിറന്ന തപസ്യ അധികാരത്തിന്റെ നിഴല്‍വഴികളില്‍ നിന്ന് മാറിനടക്കാനുള്ള സ്ഥൈര്യംകാട്ടിയ സര്‍ഗപ്രതി‘കളുടെ തന്റേടത്തെ ആദരിക്കുകയും പ്രേരണയാക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. വിനയചന്ദ്രന് തപസ്യയും തപസ്യക്ക് അദ്ദേഹവും മലയാളത്തനിമയുടെ ഉപാസകരായിരുന്നു.
മലയാളത്തിന്റെ പൈതൃകത്തെപ്പോലും മാറ്റിമറിക്കാനുള്ള നിഗൂഢതാല്പര്യങ്ങള് വളര്‍ന്നുവരുന്ന പുതിയകാലത്ത് പാരമ്പര്യനിരാസം പാപമാണെന്ന് പ്രഖ്യാപിച്ച വിനയചന്ദ്രന്റെ സ്മൃതികള്‍ സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവുമാണെന്ന് അദ്ദേഹം പറഞ്ഞു.
തപസ്യ കൊല്ലം ഗ്രാമജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശംഭു വിനയചന്ദ്രന്റെ കവിതകളെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിസമ്മേളനം ഡോ. വിമല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അജിത് കെ.സി, ഷാജി ഡെന്നിസ്, വി. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തപസ്യ ജില്ലാ സെക്രട്ടറി വി. പ്രസന്നകുമാര്‍ സ്വാഗതവും പി.എസ്.ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: