ആലപ്പുഴ: ദേശിയ ഗെയിംസില്‍ വേമ്പനാട്ടുകായലില്‍ ചൊവ്വാഴ്ച നടന്ന കനോയിങ് സിംഗിള്‍ വിഭാഗത്തില്‍ കേരളത്തിന്റെ നിത്യാ കുര്യാക്കോസിന് സ്വര്‍ണം നഷ്ടമായത് സെക്കന്റുകളുടെ വ്യത്യാസത്തില്‍. ഫിനിഷു ചെയ്യാന്‍ ഏതാനും സെക്കന്റുകള്‍ ശേഷിക്കെ നിത്യയുടെ കൈകളുടെ മസിലുകള്‍ക്ക് അനുഭവപ്പെട്ട വേദനയാണ് വെള്ളി മെഡല്‍ കൊണ്ടു കേരളത്തിന് തൃപ്തിപ്പെടേണ്ടിവന്നത്. കനോയിങ് മത്സരത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് താന്‍ തുഴഞ്ഞതെന്നും കേരളത്തിന് സ്വര്‍ണം നഷ്ടമായതില്‍ ദുഃഖമുണ്ടെന്ന് നിത്യ പറഞ്ഞു.
പുരുഷന്മാരെ അപേക്ഷിച്ച് വനിതകളായിരുന്നു ചൊവ്വാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചത്. ദേശിയ ഗയിംസിന്റെ ഭാഗമായി റോവിങ്, കനോയിങ്, കയാക്കിങ് മത്സരങ്ങള്‍ വേമ്പനാട്ടുകായലില്‍ നടന്നതോടെ ദേശിയ തലത്തില്‍ ആലപ്പുഴ ജില്ല ശ്രദ്ധനേടിക്കഴിഞ്ഞെന്നും മറ്റ് ജില്ലകളിലെ കായികതാരങ്ങള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് കനോയിങ് കയാക്കിങ് ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജിമ്മി ജോര്‍ജ് പറഞ്ഞു.
റോവിങ്, കനോയിങ്, കയാക്കിങ് മേഖലയില്‍ പരിശീലനം നേടാനെത്തുന്നവര്‍ക്ക് കൂടുതല്‍ ഉകരണം ലഭ്യമാകുമെന്നതാണിതിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങള്‍ക്കിടെ രാവിലെയും ഉച്ചയ്ക്കും വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടത് മത്സരാര്‍ത്ഥികളെയും കാണികളെയും ആശങ്കയിലാക്കിയിരുന്നു. പോലീസിന്റെയും അഗ്നിശമന സേനയുടെയും സേവനമികവുമൂലം വെള്ളത്തില്‍ വീണ മത്സരാര്‍ത്ഥികളെ ഉടന്‍ കരയ്ക്കെത്തിച്ചു.
പ്രാഥമിക ശുശ്രൂഷകള്‍ ആവശ്യമെങ്കില്‍ നല്കാന് ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് അധികൃതരും സദാ സന്നദ്ധമായി ഫിനിഷിങ് പോയിന്റിനു സമീപമുണ്ടായിരുന്നു. ഫെബ്രുവരി 11നും മത്സരങ്ങള്‍ കാണാന്‍ കൂടുതല്‍ കായിക പ്രേമികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേമ്പനാട്ടുകായലില്‍ ഗയിംസ് നടത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേരളാ റോവിങ് അസോസിയേഷന് സെക്രട്ടറി ശ്രീകുമാരക്കുറുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: