ആലപ്പുഴ: അനധികൃതമായി നികത്തിയ നിലം പുനഃസ്ഥാപിക്കണമെന്ന ജില്ലാ കളക്ടരുടെ ഉത്തരവിനെതിരെ സ്വകാര്യ സ്കൂള്‍ ഉടമ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. പറവൂര്‍ ബ്രൈറ്റ്ലാന്‍ഡ് ഡിസ്കവറി സ്കൂള്‍ ഉടമ ഉഷാ വെങ്കിടേഷ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. പറവൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ പത്തില്‍പ്പെട്ട 51.40 ആര്‍സ് നിലം ഇവര്‍ നിയമവിരുദ്ധമായി നികത്തി സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് നിലം നികത്തി സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചതെന്ന് ആലപ്പുഴ ആര്‍ഡിഒയുടെ അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലം പൂര്‍വസ്ഥിതിയിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉഷാ വെങ്കിടേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 28-ാം ഉപവകുപ്പ് പ്രകാരം കൃഷിവകുപ്പ് സെക്രട്ടറിക്ക് രണ്ടാഴ്ചയ്ക്കകം ഭൂമി ഉടമ വിശദവിവരങ്ങള്‍ കാട്ടി ഹര്‍ജി നല്‍കാനും മൂന്നുമാസത്തിനകം തീര്‍പ്പു കല്പിക്കാനുമാണ് ഹൈക്കോടതി ഉത്തരവായിരിക്കുന്നത്. ഇതിനുശേഷം ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ നിലമായിരുന്ന ഭൂമി പുരയിടമെന്ന വ്യാജരേഖ ചമച്ചെന്ന കേസില്‍ ഉഷാ വെങ്കിടേഷിനും പറവൂര്‍ വില്ലേജ് ഓഫീസറായിരുന്ന പ്രദീപിനമെതിരെ പുന്നപ്ര പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഈ കേസിലും എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ജീവനു പോലും ഭീഷണിയായി നിലം നികത്തി നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടത്തിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്ത് നിയമനടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് തയാറാകണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: