ചെങ്ങന്നൂര്‍: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 1810-ാ0 പരിശംവയ്പ്പിനും മറ്റ് ചടങ്ങുകള്‍ക്കുമായി ആലപ്പാട്ട് അരയന്മാര് ഫെബ്രുവരി 17ന് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ എത്തിച്ചേരും. നിരവധി ക്ഷേത്രങ്ങളിലെ ദര്‍ശനത്തിന് ശേഷം എത്തുന്ന ഘോഷയാത്രയെ ദേവസ്വം ജീവനക്കാരും, ക്ഷേത്ര ഉപദേശക സമിതിഭാരവാഹികളും, ഭക്തരും ചേര്‍ന്ന് സ്വീകരിക്കും.
പരമ്പരയില്‍പ്പെട്ട മറ്റ് കരയോഗങ്ങളുടെ സഹകരണത്തോടെ കുഴിത്തുറ ഗ്രാമസേവാ സംഘത്തിന്റെയും, പറയകടവ് ശ്രീ സുഗുണാനന്ദവിലാസം കരയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഇത്തവണത്തെ ചടങ്ങുകള്‍ നടക്കുന്നത്. പാര്‍വ്വതിദേവി അരയന്മാരുടെ പുത്രി എന്ന സങ്കല്‍പ്പത്തില്‍ സത്രീധനം നല്കുന്ന ചടങ്ങാണ് പരിശം വെയ്പ്. അതിനാല്‍ ശിവരാത്രി ദിവസത്തെ ക്ഷേത്രത്തിലെ ഉത്സവം ആലപ്പാട്ട് അരയന്മാരാണ് നടത്തിവരുന്നത്.
പുലര്‍ച്ചെ മൂന്നരയോടെ മഹാദേവനെയും, ശ്രീപാര്‍വ്വതിയേയും എഴുന്നള്ളിക്കുകയും. ക്ഷേത്രത്തിന് വലംവച്ച് കിഴക്കേനടയിലെ മണ്ഡപത്തില്‍ വന്ന് തെക്കോട്ട് തിരിഞ്ഞ് അരയന്മാര്ക്ക് ദര്‍ശനം നല്‍കും. തുടര്‍ന്ന് പരിശം വെയ്പ്പിന് നിയുക്തരായവരില്‍ പ്രധാനി കത്തിച്ചുവെച്ച നിലവിളക്കിന് മുന്പില് വിരിച്ച മെത്തപ്പായില്‍ ഇലമേല്‍ പരിശം വയ്ക്കും. ഇതിന് ശേഷം അരയന്മാരും, മറ്റ് ഭക്തജനങ്ങളും പൊലി അര്‍പ്പിക്കുകയും അരയന്മാര് പരിശവും, പൊലിപ്പണവും എണ്ണി തിട്ടപ്പെടുത്തി ദേവസ്വം അധികൃതരെ ഏല്‍പ്പിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷം ഇരുകൂട്ടരും രജിസ്റ്ററില്‍ ഒപ്പ് വെയ്ക്കുകയും ചെയ്യും. തുടര്‍ന്ന് ദേവീദേവന്മാരെ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിക്കും.
അരയന്മാര്ക്ക് പ്രസാദമായി കരിക്കും, പഴവും, പടച്ചോറും, പായസവും നല്‍കും. തുടര്‍ന്ന് ഭക്തിപുരസ്സരം ബലിതര്‍പ്പണം നടത്തി അരയന്മാര് മടങ്ങുന്നതോടെയാണ് ചടങ്ങുകള്‍ക്ക് സമാപനമാകുന്നത്. ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് ഏഴിന് നടക്കുന്ന സാസ്ക്കാരികസമ്മേളനം എംഎല്‍എ പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. അഖിലകേരള ധീവരസഭ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി.ദിനകരന് അദ്ധ്യക്ഷത വഹിക്കും. റവന്യൂ ജോയിന്റ് കമ്മീഷണര്‍ ബി.മോഹന്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എന്‍.രാധാകൃഷ്ണന് ശ്രീപദം, ധീവരസഭ മാനവ വിഭവശേഷി വികസനസമിതി ചെയര്മാന് ഡി.ചിദംബരന്, അയ്യപ്പസേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍, ക്ഷേത്ര എഒ: ആര്.ജയശ്രീ, സംസ്ഥാന ഹിന്ദുമതപാഠശാല സെക്രട്ടരി ഗണേഷ് പുലിയൂര്, പറയകടവ് ശ്രീ സുഗുണാനന്ദ വിലാസം കരയോഗം പ്രസിഡന്റ് ആര്.പൊന്നപ്പന്, കുഴിത്തറ ഗ്രാമസേവാസംഘം പ്രസിഡന്റ് കെ.ജനാര്ദ്ധനന് തുടങ്ങിയവര്‍ സംസാരിക്കും. രാത്രി പത്തിന് ഭക്തിഗാനാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: