ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ വ്യാപകമാകുന്നു. ഭരണകക്ഷിയുടെ താത്പര്യ പ്രകാരം മാനദണ്ഡങ്ങള്‍ പോലും ലംഘിച്ചാണ് താത്കാലിക നിയമനങ്ങള്‍ നടക്കുന്നത്.ലാബ് ടെക്നീഷ്യന്മാര്, സെക്യൂരിറ്റി ജീവനക്കാര്‍, സ്വീപ്പര്‍ തുടങ്ങി പല തസ്തികകളിലും ഭരണകക്ഷി നല്കുന്ന പട്ടിക പ്രകാരമാണ് നിയമനങ്ങള്‍ നടക്കുന്നത്. മതിയായ യോഗ്യതയുള്ള പതിനായിരങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി വര്‍ഷങ്ങള്‍ കാത്തിരിക്കുമ്പോഴാണ് മറ്റുചില താത്പര്യങ്ങളുടെ പേരില്‍ ചിലര്‍ക്ക് നിയമനങ്ങള്‍ നല്‍കുന്നത്. എംപ്ലോയ്മെന്റ് മുഖേന നിയമനങ്ങള്‍ നടത്തിയാല്‍ ഭരണകക്ഷിയുടെ സ്വന്തക്കാരെ നിയമിക്കാന്‍ കഴിയില്ല. അതിനാലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കുന്നത്.
കോണ്‍ഗ്രസ് നേതാവായ പ്രമുഖ ജനപ്രതിനിധിയുടെ ശുപാര്‍ശ പ്രകാരമാണ് ഇവിടെ ബഹുഭൂരിപക്ഷം നിയമനങ്ങളും നടക്കുന്നത്. പല തസ്തികകളിലും നിയമനങ്ങള്‍ നടക്കുന്നത് ആശുപത്രി വികസന സമിതി അംഗങ്ങള്‍ അറിയില്ല. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ള പത്രവാര്‍ത്തകള്‍ കാണുമ്പോഴാണ് വികസന സമിതി അംഗങ്ങള്‍ പോലും വിവരമറിയുന്നത്. ആശുപത്രി സൂപ്രണ്ട് നേരിട്ട് ഇന്റര്‍വ്യു നടത്തി നിയമനം നടത്തുകയാണ് പതിവ്. ഇതൊഴിവാക്കി ഇന്റര്‍വ്യൂ നടത്തുന്നതിനായി പ്രത്യേകം ഒരു സമിതി നിയോഗിച്ചാല്‍ കുറച്ചെങ്കിലും സുതാര്യത ഉറപ്പുവരുത്താന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു.
പ്രതികരണ ശേഷിയില്ലാത്ത സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നവരാണ് വികസന സമിതി അംഗങ്ങളില്‍ ഭൂരിപക്ഷവും. സമിതി അംഗത്വം ഉണ്ടെന്നല്ലാതെ ആശുപത്രിയില്‍ എന്തു നടക്കുന്നുവെന്ന് പോലും പലരും അന്വേഷിക്കാറില്ല. ഈ സാഹചര്യത്തില്‍ ഭരണക്ഷി നേതാക്കളും ജനപ്രതിനിധികളും സ്വന്തക്കാരെ ആശുപത്രിയിലെ പല തസ്തികകളിലും തിരുകിക്കയറ്റുന്നു. അര്‍ഹതപ്പെട്ടവര്‍ അപേക്ഷകള്‍ അയച്ച് കബളിപ്പിക്കപ്പെടുന്നു. മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ഇതിനകം നടന്നിട്ടുള്ള നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഫോര്‍വേഡ് ബ്ലോക്ക് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി സെക്രട്ടറി ഹരികുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: