പത്തനംതിട്ട: ശബരിമലയിലെ ഭണ്ഡാര കവര്‍ച്ച പുറത്തറിയാന്‍ കാരണം മോഷണമുതല്‍ വിറ്റ്ലഭിച്ച പണത്തെക്കുറിച്ചുള്ള തര്‍ക്കം. പണം വീതംവെയ്ക്കുന്നതിലുണ്ടായ തര്‍ക്കം പ്രശ്നം വിജിലന്സിന്റെമുമ്പിലെത്തിക്കുകയായിരുന്നു. മകരവിളക്ക്കാലത്തിന് മുമ്പും ശബരിമലയില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷണംപോയതായി സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല.
ശബരിമലയിലെ ഭണ്ഡാരക്കവര്ച്ചയുമായി ബന്ധപ്പെട്ട കേസില്‍ സസ്പെന്‍ഷനിലായ ഏഴു ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പ്രഖ്യാപനത്തില്‍മാത്രം ഒതുക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ദേവസ്വംബോര്‍ഡ് സസ്പെന്റ് ചെയ്തിട്ടും ജീവനക്കാര്‍ ജോലിയില്‍ തുടരുന്നു. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് ശുപാര്‍ശ ചെയ്തുകൊണ്ട് കൂടുതല്‍ വിവാദങ്ങളില്‍നിന്ന് ഒഴിയാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത് .മകരവിളക്കിന് പിറ്റേന്നാണ് ശബരിമലയിലെ ഭണ്ഡാരക്കവര്ച്ചയുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാര്‍ വിജിലന്‍സ് പിടിയിലായത്. വിദേശ കറന്‍സികളും സ്വര്‍ണ്ണവും വെള്ളിയും ഉള്‍പ്പെടെ പതിനാറ് ലക്ഷത്തിലധികം രൂപ ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നു.
സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ മുമ്പും ശിക്ഷാനടപടികള്‍ നേരിടേണ്ടിവന്നവരാണ്. ഭണ്ഡാരംപോലെയുള്ള അതീവ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിയമിക്കുന്ന ജീവനക്കാരുടെ സര്‍വ്വീസ് റിക്കോര്‍ഡുകള്‍ പോലും പരിശോധിക്കപ്പെടാറില്ലെന്നതും ഗുരുതരമായി വീഴ്ചയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരെ കേസ് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതും ഉന്നതരുടെ സ്വാധീനത്തെയാണ് വെളിവാക്കുന്നത്. അതീവ സുരക്ഷയും മെച്ചപ്പെട്ട നിരീക്ഷണ സംവിധാനങ്ങളുമുള്ള ഭണ്ഡാരത്തില് നിന്ന് മോഷണം നടത്തിയത് ഉന്നതഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്ന് മുമ്പ് ആരോപണമുണ്ടായിരുന്നു.
ഇതില്‍നിന്ന് രക്ഷപെടാന്വേണ്ടിമാത്രമാണ് ദേവസ്വംബോര്‍ഡ് ഏതാനുംപേരെ സസ്പെന്റുചെയ്യുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തത്. സസ്പെന്‍ഷനിലായ ഭണ്ഡാരം സ്പെഷ്യല്‍ ഓഫീസര്‍ വി.സന്തോഷ് കുമാര്‍ നിരവധി അന്വേഷണങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. 2008 ല്‍ ശബരിമലയില്‍ നിന്നും നെയ് മറിച്ച് വിറ്റതിന് ഇദ്ദേഹം സസ്പെന്‍ഷനിലായിരുന്നു.രണ്ടുവര്‍ഷം മുമ്പ് സന്നിധാനത്ത് നടവരവായി ലഭിച്ച വെങ്കലമണി കടത്തിയ സംഭവത്തിലും അദ്ദേഹം അന്വേഷണം നേരിടുന്നു.
ഉള്ളൂരില്‍ ദേവസ്വം അസി. ദേവസ്വം കമീഷണര്‍ ആയിരുന്നപ്പോള്‍ ശാന്തിക്കാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയത് വിജിലന്‍സ് കണ്ടെത്തിയിരുന്നു. സന്തോഷ് കുമാറിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ അന്വേഷണം തുടരുകയാണ്. ഈ കേസിന്റെ നടപടിയും എങ്ങുമെത്തിയിട്ടില്ല.
മണ്ഡലകാലത്തും ശബരിമലയില്‍ നിന്ന് മോഷണം നടന്നിട്ടുണ്ടോ എന്നകാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണ്. മണ്ഡലകാലത്ത് ഭണ്ഡാരത്തില് നിന്നും സ്വര്‍ണ്ണം മോഷണംപോയതായും സൂചനയുണ്ട്. ഇത് പത്തനംതിട്ട ജില്ലയിലെ ഒരു നഗരത്തില്‍ വില്‍പ്പന നടത്തിയതായാണ് സൂചന. വില്പ്പനമുതല് സംബന്ധിച്ച് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുന്നത് വിജിലന്സുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും മറ്റും കൂടുതല്‍ പരിശോധിച്ചാണ് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളില്‍ അധികൃതര്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: